തൃക്കരിപ്പൂർ: നടക്കാവ് ഇൻഡോർ സ്റ്റേഡിയത്തിന്റെയും ഫുട്ബാൾ സ്റ്റേഡിയത്തിന്റെയും പ്രയോജനം പരമാവധി കായികപ്രേമികൾക്കും കായികതാരങ്ങൾക്കും ലഭ്യമാക്കുന്നതിനായി സ്റ്റേഡിയങ്ങൾ ഉടൻ തുറന്നുകൊടുക്കാൻ നിർദേശം നൽകിയതായി കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. തൃക്കരിപ്പൂർ നടക്കാവ് ഇൻഡോർ സ്റ്റേഡിയവും ഫുട്ബോൾ സ്റ്റേഡിയവും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
കായികവകുപ്പും ഗ്രാമപഞ്ചായത്തും ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് ഇതിനായുള്ള നടപടികൾ ത്വരിതപ്പെടുത്തും. ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും കായികതാരങ്ങൾക്ക് സ്റ്റേഡിയത്തിന്റെ സൗകര്യങ്ങൾ എത്രയും വേഗം ലഭ്യമാക്കുന്നതിനാണ് ഭരണകൂടം പ്രധാന പരിഗണന നൽകുന്നതെന്നും കലക്ടർ വ്യക്തമാക്കി. തൃക്കരിപ്പൂരിലെ സ്റ്റേഡിയങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച വിഷയം ജില്ല വികസന സമിതി (ഡി.ഡി.സി) യോഗത്തിൽ തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കലക്ടറുടെ സന്ദർശനവും തുടർനടപടികളും. സ്റ്റേഡിയം സന്ദർശനത്തോടനുബന്ധിച്ച് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് അധികൃതരുമായി കലക്ടർ ചർച്ച നടത്തി. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിതാ സഫറുല്ല, വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, പഞ്ചായത്ത് മെംബർ ഫായിസ് യു.പി എന്നിവരും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.