കണ്ണങ്കോൽ ഊരിൽ നടന്ന ചടങ്ങിൽ സൈക്കിളുകൾ വിതരണം ചെയ്തശേഷം കുട്ടികൾക്കൊപ്പം സൈക്കിൾ യാത്ര നടത്തുന്ന കലക്ടർ അർജുൻ പാണ്ഡ്യൻ
കാസർകോട്: കലക്ടറുടെ വാക്കുകൾ വെറുംവാക്കായില്ല, പറഞ്ഞ വാക്ക് പാലിച്ച് കണ്ണങ്കോൽ ഊരിലെ കുട്ടികൾക്ക് ഇനി സ്കൂളിലേക്കും കളിയിടങ്ങളിലേക്കും പറക്കാൻ പുത്തൻ സൈക്കിളുകൾ. അതിർത്തിഗ്രാമമായ ദേലംപാടിയിലെ കുട്ടികളുടെ ദുരിതം കണ്ട് അവർക്ക് സൈക്കിൾ എത്തിക്കും എന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശന വേളയിൽ വാക്കുനൽകിയിരുന്നു. അത് പാലിക്കും എന്ന് ഒരു വിശ്വാസവും ഉണ്ടായില്ല.
സൈക്കിൾ സമ്മാനിക്കുക മാത്രമല്ല, ഊരിലെ വഴികളിലൂടെ കുട്ടികൾക്കൊപ്പം സ്വയം സൈക്കിൾ ചവിട്ടി കലക്ടർ യാത്ര ചെയ്തപ്പോൾ കുട്ടികൾക്ക് കലക്ടറുമായുള്ള അകലം മാഞ്ഞു. ജില്ല ആസ്ഥാനത്തുനിന്ന് 60 കിലോമീറ്ററോളം അകലെയുള്ള ദേലംപാടി പഞ്ചായത്തിലെ ഉൾ മേഖലയായ കണ്ണങ്കോൽ ഊര് കഴിഞ്ഞ മാർച്ചിൽ കലക്ടർ സന്ദർശിച്ചിരുന്നു. ഗോത്രവർഗ മേഖലയിലെ പ്രതിസന്ധികൾ നേരിട്ടറിയാനെത്തിയ കലക്ടറോട് വീട്, ഭൂമി ,പട്ടയം ഊരിലേക്ക് വഴി, പഠനത്തിന് സാമൂഹിക പഠനമുറി, അംബേദ്കർ സെറ്റിൽമെൻറ് പദ്ധതിയിൽ ഊരിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ കണ്ണങ്കോൽ ഊര് നിവാസികൾ ഉന്നയിച്ചിരുന്നു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആർ.ഡി.ഒയെ ചുമതലപ്പെടുത്തി. മാർച്ചിൽ കുട്ടികളെ സ്വന്തം ഔദ്യോഗിക കാറിൽ കയറ്റി ഊരു ചുറ്റിയത് വലിയ വാർത്തയായിരുന്നു. തുടർന്ന് കലക്ടറെ കാണാൻ സിവിൽ സ്റ്റേഷനിലെത്തിയ കുട്ടികൾക്ക് അവർ ചോദിച്ച ഒരു ഫുട്ബാളിന് പകരം ആറ് പന്തുകളും എയർപമ്പും സമ്മാനിക്കുകയും ബേക്കൽ ബീച്ച് പാർക്കിലേക്ക് ടൂറും ഉച്ചഭക്ഷണവും ഒരുക്കി നൽകുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചക്കിടയിലാണ് സ്കൂൾയാത്രക്കായി സൈക്കിൾ വേണമെന്ന ആഗ്രഹം കുട്ടികൾ കലക്ടറോട് പങ്കുവെച്ചത്.
ആവശ്യം കേട്ടയുടൻ പട്ടികവർഗ വികസന വകുപ്പ് മുഖേന കണക്കെടുപ്പ് നടത്തുകയും ധന്വന്തരി ഫണ്ട് പ്രയോജനപ്പെടുത്തി 18 കുട്ടികൾക്കും സൈക്കിളുകൾ ഉറപ്പാക്കുകയുമായിരുന്നു. ഗോത്രവിഭാഗം കുട്ടികളുടെ സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് പൂർണമായും തടയാൻ സമഗ്രപദ്ധതി, പട്ടികവർഗ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ല ഭരണ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ജില്ലയിലെ എല്ലാ പട്ടികവർഗ മേഖലകളിലെയും കുട്ടികൾക്കുവേണ്ടി കലക്ടറുടെ നിർദേശ പ്രകാരം മേയ് മാസത്തിൽ ടൂർ സംഘടിപ്പിച്ചതും ഗോത്ര വിഭാഗം കുട്ടികൾക്ക് പുതിയ ഉണർവ് പകർന്ന് നൽകി.
ജില്ലയിൽ ഗോത്രവർഗ മേഖലയിൽ കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകി പദ്ധതികൾ തയാറാക്കിയതിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങളെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. കണ്ണങ്കോൽ ഊരിൽ നടന്ന ചടങ്ങിൽ കലക്ടർ സൈക്കിളുകൾ വിതരണം ചെയ്തു. ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. കലക്ടർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ ഗോപാലൻ, വാർഡ് മെംബർമാരായ തിമ്മയ്യ, ഐത്തപ്പ, അസിസ്റ്റൻറ് ട്രൈബൽ ഡെവലപ്മെൻറ് ഓഫിസർ പ്രസന്ന എന്നിവർ സംസാരിച്ചു. ട്രൈബൽ ഡെവലപ്മെൻറ് ഓഫിസർ മധുസൂദനൻ സ്വാഗതവും എസ്.ടി പ്രമോട്ടർ ചന്ദ്രശേഖർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.