കേരള ഹൈകോടതി

ഷിറിയ കടവിൽ മണൽവാരൽ തടഞ്ഞ് ഹൈകോടതി ഉത്തരവ്

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തിലെ ആരിക്കാടി ഷിറിയ കടവിൽനിന്ന് പൂഴി വാരാനുള്ള അനുമതി തടഞ്ഞുകൊണ്ട് ഹൈകോടതി ഉത്തരവ്. കുമ്പള സ്വദേശി അബ്ബാസ് ജാഫർ പരിസ്ഥിതി അനുമതി ഇല്ലാതെയാണ് പൂഴി വാരുന്നതിന് പഞ്ചായത്തിൽനിന്ന് അനുമതി ലഭ്യമാക്കിയതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നൽകിയ പരാതിയിലാണ് ഇടക്കാല ഉത്തരവ്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന തുറമുഖ വകുപ്പ്, കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി, കേരള മാരി ടൈം ബോർഡ്, കണ്ണൂർ അരീക്കൽ പോർട്ട് ഓഫിസർ, കലക്ടർ, കാസർകോട് പോർട്ട്‌ കൺസർവേറ്റർ, കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരെ എതിർകക്ഷിയാക്കിക്കൊണ്ടാണ് റിട്ട് ഹരജി ഫയൽ ചെയ്തിരുന്നത്.

പരിസ്ഥിതി ആഘാതപഠനമോ കോസ്റ്റൽ, സോൺ മാനേജ്മെന്റ് അതോറിറ്റി അനുമതികളോ മലിനീകരണ നിയന്ത്രണ ബോർഡിൽനിന്നുള്ള അനുമതിയോ ഇല്ലാതെ കടവ് പ്രവർത്തനം തുടങ്ങുന്നത് തടയണമെന്നാണ് ഹരജിക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ കടവ് തുടങ്ങാൻ പഞ്ചായത്തിന് അധികാരമുണ്ട് എന്നുള്ള വാദമാണ് കേരള മാരി ടൈം ബോർഡും മറ്റും ഉന്നയിച്ചത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കോസ്റ്റൽ, സോൺ മാനേജ്മെന്റ് അതോറിറ്റിയും ഈ വാദത്തെ എതിർത്തു. പരിസ്ഥിതി അനുമതി നിർബന്ധിതമാണെന്നും വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും ഇവർ വാദിച്ചു.

ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയും രേഖകളും ലഭിക്കുന്നതുവരെ നിലവിലുള്ള സ്ഥിതി എന്താണോ അതേ നിലയിൽ തുടരാൻ കോടതി ഉത്തരവിട്ടു. ബന്ധപ്പെട്ട വകുപ്പ് മേധാവികളിൽനിന്ന് അനുമതികൾ ലഭിച്ച രേഖകൾ ഉണ്ടെങ്കിൽ അടുത്തമാസം ഒമ്പതാം തിയതി ഹിയറിങ്ങിന് ഹാജരാക്കാനും ആവശ്യമില്ലെങ്കിൽ ആവശ്യമില്ല എന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാനും കോടതി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ഹരജിക്കാരനുവേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ. കെ. രാജേഷ് കണ്ണനും പ്രവീൺ കെ. പിള്ളയും ഹാജരായി.

Tags:    
News Summary - HC Bans Sand Dredging at Shiriya Quay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.