വാരം ശാസ്താംകോട്ട ക്ഷേത്രത്തിന് സമീപമുള്ള പഴശ്ശി ഇറിഗേഷൻ വകുപ്പിന്റെ കനാൽ പാലം തകർന്നത് ടി.ഒ. മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
കണ്ണൂർ: വാരത്തെ കാലപ്പഴക്കംചെന്ന പാലം തകർന്നതോടെ പ്രദേശവാസികളുടെ യാത്ര ദുരിതപൂർണമായി. അടിയന്തരമായി പാലത്തിന്റെ തകർന്നഭാഗം നീക്കംചെയ്ത് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കണ്ണൂർ കോർപറേഷനിലെ പതിനാലാം ഡിവിഷനിൽ വാരം ശാസ്താംകോട്ട ക്ഷേത്രത്തിന് സമീപമുള്ള പഴശ്ശി ഇറിഗേഷൻ വകുപ്പിന്റെ കനാൽപാലമാണ് ഞായറാഴ്ച വൈകീട്ടോടെ തകർന്നത്.
പാലത്തിന്റെ 50 മീറ്ററോളം നീളത്തിലുള്ള ഭാഗമാണ് തകർന്നത്. വർഷങ്ങളായി പ്രദേശത്തെ 12ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന വഴിയാണിത്. പാലം തകരുന്നസമയത്ത് ആളുകൾ കടന്നുപോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായിരുന്നു. സംഭവമറിഞ്ഞ് ടി.ഒ. മോഹനൻ എം.എൽ.എ, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, കൗൺസിലർ എ. അർഷാദ്, പ്രദീപൻ ചാത്തമ്പള്ളി, പാർഥൻ ചങ്ങാട്ട്, പി.സി. സജിത്ത്, ഇ. മധു എന്നിവർ സ്ഥലം സന്ദർശിച്ചു.
പഴശ്ശി ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തകർന്ന കനാൽ അടിയന്തരമായി പൂർണമായും പൊളിച്ചുനീക്കാൻ നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.