കാഞ്ഞങ്ങാട് നടന്ന വാഹന പരിശോധന
കാഞ്ഞങ്ങാട്: എക്സൈസ് നടത്തിയ വ്യാപക പരിശോധനയിൽ മയക്കുമരുന്നുമായി നിരവധി പേർ കുടുങ്ങി. ലഹരിമരുന്നുകളുടെയും അനധികൃത മദ്യത്തിന്റെയും കടത്തും വിപണനവും തടയുന്നതിനായി ഹോസ്ദുർഗ് എക്സൈസ് റേഞ്ച് പാർട്ടിയും മോട്ടോർ വാഹന വകുപ്പും ചേർന്ന് ഹോസ്ദുർഗ് ആവിക്കര ഭാഗത്ത് സംയുക്ത വാഹന പരിശോധന നടത്തി. ലഹരി മാഫിയകൾ പാർസൽ സർവിസുകൾ വഴിയും മറ്റു വാഹനങ്ങളിലൂടെയും നിരോധിത മയക്കുമരുന്നുകളും അന്യസംസ്ഥാന മദ്യവും കടത്താനുള്ള സാധ്യത മുൻനിർത്തിയാണ് മേഖലയിൽ വ്യാപക പരിശോധന നടത്തിയത്. സംശയാസ്പദമായി കണ്ട നിരവധി വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധനക്ക് വിധേയമാക്കി മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എക്സൈസ് അറിയിച്ചു.
എം.ഡി.എം.എ പിടികൂടിയവർ
ഹോസ്ദുർഗ് കടിക്കാലിൽനിന്ന് കടിക്കാൽ പി. മുനീറിനെ (30) 17 ഗ്രാം കഞ്ചാവുമായി ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാറും സംഘവും അറസ്റ്റു ചെയ്തു. പ്രിവന്റീവ് ഓഫിസർമാരായ മനോജ്, ഗീത എന്നിവരും ഉണ്ടായിരുന്നു. കളനാടുനിന്ന് 0. 2.00 ഗ്രാം കഞ്ചാവുമായി യുവാവിനെ മേൽപറമ്പ പൊലീസ് പിടികൂടി. കോഴിക്കോട് പൂക്കുന്ന് സ്വദേശി എൻ. ഷഹനവാസാണ് (34) പിടിയിലായത്. എസ്.ഐ ടി. അഖിലാണ് പിടികൂടിയത്. മംഗൽപാടി ചെറുഗോളിയിൽനിന്ന് 0.6 ഗ്രാം മെത്താംഫിറ്റമിനുമായി ചെറുഗോളി ടി.എം. ഹാരിസിനെ (36) കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രാവൺ പ്രിവന്റിവ് ഓഫിസർ ജിജിൻ, മൊയ്തീൻ സാദിക്ക് സിവിൽ എക്സൈസ് ഓഫിസർ പ്രജിത്ത്, ജിതിൻ, വനിത സിവിൽ എക്സൈസ് ഓഫിസർ ഹരിശ്രീ എക്സൈസ് ഡ്രൈവർ ക്രിസ്റ്റി എന്നിവർ ചേർന്ന് പിടികൂടി. ഇച്ചിലംകോട് ദീനാർ നഗർ വീട്ടിൽനിന്ന് 0.85 ഗ്രാം മെത്താംഫിറ്റമിൻ കൈവശം സൂക്ഷിച്ച ദീന നഗർ മൊയ്ദീൻ ഫൈറൂസിനെ (32) കുമ്പള എക്സൈസ് പിടികൂടി.
എക്സൈസ് റേഞ്ച് കാസർകോട്, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ നെല്ലിക്കുന്ന് വെച്ച് 10 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച നെല്ലിക്കുന്ന് കടപ്പുറത്തെ നൂറുദ്ദീൻ (29) പിടിയിലായി. വിദ്യാനഗർ പൊലീസും ഡാൻസാഫും ചേർന്ന് കഞ്ചാവ് ബീഡി വലിച്ച നാലുപേരെ പിടികൂടി.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പടന്നക്കാടിന് സമീപം സ്വിഫ്റ്റ് കാറിൽ കടത്തിയ എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 12.75 ഗ്രാം എം.ഡി.എം.എയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പടന്നക്കാട് കുറുന്തൂരിലെ അബ്ദുൾ സഫ് വാൻ (29), പടന്നക്കാട്ടെ മുഹമ്മദ് ആഷിഖ് (24) എന്നിവരാണ് പിടിയിലായത്. കുറുന്തൂർ ചേണുങ്കാൽ റോഡിൽനിന്ന് ഹോസ്ദുർഗ് പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി അനിൽ കുമാറിന്റെ മേൽനോട്ടത്തിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടിച്ചത്. ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളായ സനീഷിന്റെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങൾ വാഹനം തടഞ്ഞുവെക്കുകയും ഇൻസ്പെക്ടർ ദിനേശനെ വിവരം അറിയിക്കുകയും ചെയ്തു. എസ്.ഐ സി.വി. പ്രേമന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.