ഓട്ടം നിലച്ച കുമ്പളയിലെ കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി സർവിസ്
കാസർകോട്: കുമ്പള ഗ്രാമപഞ്ചായത്തിലെ ഗ്രാമീണമേഖലയിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന ഗ്രാമവണ്ടി സർവിസ് കെ.എസ്.ആർ.ടി.സി പിൻവലിച്ചു. സംസ്ഥാന സർക്കാർ ഗതാഗതവകുപ്പും കുമ്പള ഗ്രാമപഞ്ചായത്തും സംയുക്തമായി കൊട്ടിഗ്ഘോഷിച്ച് തുടങ്ങിയ ബസ് സർവിസാണ് ഇപ്പോൾ ഓട്ടം നിർത്തിയത്. ഡീസൽ ചാർജും മറ്റിനത്തിലും കഴിഞ്ഞ ഏഴുമാസമായി കുമ്പള ഗ്രാമപഞ്ചായത്ത് കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ട ഏഴുലക്ഷത്തോളം രൂപ കുടിശ്ശികയായി നിൽക്കുന്നതിനാലാണ് കെ.എസ്.ആർ.ടി.സി ബസ് പിൻവലിക്കാൻ കാരണമായതെന്നാണ് പറയുന്നത്.
പഞ്ചായത്തിന് പ്രതിവർഷം 10 ലക്ഷം രൂപയുടെ അധികബാധ്യതയാണ് ഇതുവഴി ഉണ്ടാകുന്നത്. കുടിശ്ശിക അടച്ചാൽ സർവിസ് പുനരാരംഭിക്കാൻ കഴിയുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധിതവണ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് അധികൃതർ പറയുന്നുണ്ട്. ഇപ്പോൾ ഈ ഗ്രാമവണ്ടി കാസർകോട്-കാഞ്ഞങ്ങാട് റൂട്ടിൽ ഓർഡിനറി സർവിസായി ഓടുന്നുണ്ട്.
കുമ്പള, പേരാൽ, ബംബ്രാണ, കൊടിയമ്മ, കളത്തൂർ തുടങ്ങിയ റൂട്ടുകളിലായിരുന്നു കുമ്പളയിൽ ഗ്രാമവണ്ടി സർവിസ് നടത്തിയിരുന്നത്. കൂടുതൽ ഗ്രാമീണ പ്രദേശങ്ങളിലേക്ക് സർവിസ് നീട്ടണമെന്ന ആവശ്യം നാട്ടുകാർ ആവശ്യപ്പെടുന്നതിനിടയിലാണ് ഇപ്പോൾ ബസ് ഓട്ടം നിലച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.