കാസർകോട്: പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ വിദഗ്ധനും കൺസൾട്ടന്റ് എൻജിനീയറും എഴുത്തുകാരനും മുൻ പ്രവാസിയുമായ പ്രഫ. കെ.കെ. അബ്ദുൽ ഗഫാർ(88) നിര്യാതനായി. അജ്മാൻ ഗൾഫ് മെഡിക്കൽ കോളേജിന്റെ സ്ഥാപകനും അഡ്മിനിസ്ട്രേഷൻ ഡയറക്ടറുമായിരുന്നു.
കൊല്ലം ടി.കെ.എം. കോളജ്, കോഴിക്കോട് ആർ.ഇ.സി. എന്നിവിടങ്ങളിൽ അധ്യാപകനായും ഭട്കൽ എൻജിനീയറിങ് കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ അരാംകോ പെട്രോളിയം കമ്പനിയിൽ എൻജിനീയറായും യമനിലെ ഏഡനിൽ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിച്ച ഇന്ത്യൻ സംഘത്തിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ രാജൻ കേസിലെ സാക്ഷികളിൽ ഒരാളായിരുന്ന പ്രഫസറുടെ ജീവചരിത്ര പുസ്‌തകം "ഞാൻ സാക്ഷി" ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്‌റ്റൻ എം.എസ് ധോണിയായിരുന്നു പ്രകാശനം നിർവഹിച്ചത്. 1937 നവംമ്പർ-14 കാസർകോട് ജില്ലയിലെ ചൗക്കിയെന്ന ഗ്രാമത്തിൽ ജനിച്ച പ്രഫസർ കാസർകോട് കുഡ്ലു പ്രൈമറി സ്‌കൂൾ, ബി.ഇ.എം. ഹൈസ്‌കൂൾ, മംഗലാപുരം സെന്റ് അലോഷ്യസ് കോളജ്, തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഭാര്യ: ജമീല ശംനാട്. മക്കൾ: ഡോ. ഷാജിർ ഗഫാർ (നുഖൈയിം ഹോൾഡിങ്ങ് മാനേജിങ് ഡയറക്ടർ), ഫരീദ ഗഫാർ, ഡോ. ജമാലുന്നിസ ഗഫാർ, എൻജി. ഷഹനാസ് ഗഫാർ. ഖബറടക്കം നാളെ ഉച്ചക്ക് 12 മണിക്ക് കാസർകോട് ചൗക്കി കുന്നിൽ രിഫാഇ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.