കാസർകോട്: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിന് മുന്നിൽ അപകടകരമായി വാഹനമോടിച്ച് 12 കിലോമീറ്ററോളം ഗതാഗതതടസ്സം സൃഷ്ടിച്ച കാർ ഡ്രൈവർക്കെതിരെ നടപടി. ചെറുവത്തൂരിലെ പി. ഷാഹിദ് ഷാഹുലിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും എടപ്പാളിലെ ഡ്രൈവർ ട്രൈയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ചു ദിവസത്തെ നിർബന്ധിത ട്രെയനിങ്ങിനും വകുപ്പ് ശിപാർശ ചെയ്തു. കൂടാതെ, കോടതിയിൽ പിഴ ഒടുക്കുകയും ചെയ്യണം.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കാസർകോട്ടുനിന്ന് കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിന് മുന്നിലായിരുന്നു ഇയാളുടെ കാറിൽനിന്നുള്ള അഭ്യാസപ്രകടനം. തിങ്കളാഴ്ച രാവിലെ മുതൽ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായ വിഡിയോ ഉൾപ്പെടെ കെ.എസ്.ആർ.ടി.സി നീലേശ്വരം പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി.
കാഞ്ഞങ്ങാട് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രവീൺ കുമാർ, കെ. അഭിലാഷ് എന്നിവരാണ് ഡ്രൈവറെ കണ്ടെത്തി നടപടിക്കായി ശിപാർശ ചെയ്തത്. കെ.എസ്.ആർ.ടി.സി ഇദ്ദേഹത്തിന്റെ കാറിനെ മറികടന്ന് പോയതാണ് പ്രകോപന കാരണമെന്നാണ് പറയുന്നത്. പിന്നീട് 12 കിലോമീറ്ററോളം ബസിനെ കടത്തിവിടാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു എന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.