മൊഗ്രാൽ പുത്തൂർ കടവത്ത് കോട്ടക്കുന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന സമരത്തിന് നേതൃത്വം നൽകുന്ന ആക്ഷൻ കമ്മിറ്റി രൂപവത്കരണ യോഗം
മൊഗ്രാൽ പുത്തൂർ: വർഷങ്ങളായി തകർന്നുകിടക്കുന്ന കടവത്ത്-കോട്ടക്കുന്ന് റോഡിന്റെ ദുരവസ്ഥക്ക് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് കോട്ടക്കുന്ന് നിവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കാലങ്ങളായുള്ള ജനങ്ങളുടെ ദുരിതയാത്രക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരത്തിന് നാട്ടുകാർ തീരുമാനമെടുത്തത്. കഴിഞ്ഞദിവസം ചേർന്ന ബഹുജന കൺവെൻഷനിൽ റോഡ് ഉപരോധം, തെരഞ്ഞെടുപ്പ് ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരപരിപാടികൾക്കായി ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ചൊവ്വാഴ്ച വൈകീട്ട് പ്രതിഷേധപ്പന്തൽ ഉദ്ഘാടനവും പന്തംകൊളുത്തി പ്രകടനവും നടക്കും.
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഈ റോഡ് പൂർണമായും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കാൽനടപോലും ദുഷ്കരമായ ഈ പാതയിലൂടെ വാഹനങ്ങൾ ഓടിക്കാൻകഴിയാത്ത അവസ്ഥയാണ്. പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങാൻ കോട്ടക്കുന്ന് നിവാസികൾ നിർബന്ധിതരായത്.
മുട്ടത്തൊടി: എസ്.പി നഗർ-ഹിദായത്ത് നഗർ കോപ്പ പ്രദേശത്തെ റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതുമൂലം നാട്ടുകാർ ദുരിതത്തിൽ. റോഡിൽ ജി.എസ്.പി ഇട്ടതിനുശേഷം പണി പാതിവഴിയിൽ ഉപേക്ഷിച്ച കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥകാരണം പ്രദേശം മുഴുവൻ സിമന്റ് പൊടിയിൽ മുങ്ങിയിരിക്കുകയാണ്.സ്കൂളുകൾ, അംഗൻവാടികൾ, ആരാധനാലയങ്ങൾ എന്നിവ സ്ഥിതിചെയ്യുന്ന ഈ ജനവാസമേഖലയിൽ പൊടിപടലങ്ങൾ കാരണം കുട്ടികൾക്ക് ശ്വാസകോശസംബന്ധമായ അസുഖങ്ങളും കണ്ണിന് അണുബാധയും വ്യാപകമായിരിക്കുകയാണ്. വായുമലിനീകരണം രൂക്ഷമായതോടെ ശ്വാസം വിടാൻപോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
അന്തരീക്ഷത്തിലെ പൊടികാരണം നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. റോഡ് പണി ഉടൻ പൂർത്തിയാക്കുക, ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, അസുഖം ബാധിച്ചവർക്കും വാഹനങ്ങൾക്കും നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാട്ടുകാർ മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയസമരങ്ങളുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ടാറിന്റെ പണി ആരംഭിച്ചില്ലെങ്കിൽ വോട്ട് ബഹിഷ്കരണത്തിനും തയാറെടുക്കയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.