നിധിൻ രാജിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ രാജൻ

‘എന്റെ തോളിൽ കൈയിട്ടാ നടക്കാറ്, എന്നെ ചതിക്കാൻ അവന് പറ്റില്ല, അവൻ ആത്മഹത്യ ചെയ്യില്ല’ -ഹൃദയം തകർന്ന് നിതിൻ രാജിന്റെ അച്ഛൻ

നെടുമങ്ങാട്: ‘എപ്പോഴും എന്റെ തോളിൽ കൈയിട്ടുകൊണ്ടാണ് അവൻ നടക്കുന്നത്... ഞായറാഴ്ച ദിവസം ഞങ്ങൾ അപ്പുറത്തെ ബേക്കറിയിലൊക്കെ പോകുമ്പോൾ എന്റെ തോളിൽ കൈയിട്ട് കൂട്ടുകാരെ പോലെയാണ് നടക്കുന്നത്. അവന് എന്നെ ചതിക്കാൻ പറ്റൂല്ല... എന്റെ കുടുംബത്തെ ചതിക്കാൻ അവന് പറ്റൂല്ല... അവൻ അങ്ങനെ ആത്മഹത്യ ചെയ്യൂല്ല.. കൊലപാതകം തന്നെയാണ്... അവനെ ​കൊന്നതാണ്...’ -ക​ണ്ണൂ​ർ, അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജി​ൽ ദുരൂഹസാഹചര്യത്തിൽ മ​രി​ച്ച പൊന്നുമോൻ നിതിന്റെ വിയോഗം താങ്ങാനാവാതെ വിതുമ്പിക്കരയുകയാണ് നെ​ടു​മ​ങ്ങാ​ട്​ ഉ​ഴ​മ​ല​ക്ക​ൽ കൊ​റ്റാ​മ​ല വീട്ടിൽ രാജൻ.

‘ഇത് വാടക വീടാണ്. അവന് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ‘അച്ഛനും അമ്മയും കഷ്ടപ്പെടേണ്ട, അച്ഛൻ പെയിന്റ് അടിച്ചല്ലേ ഞങ്ങളെ ഇത്രയും നാൾ വളർത്തി വിദ്യാഭ്യാസം ചെയ്തത്. അമ്മ കൂലിപ്പണി എടുത്തല്ലേ ചെയ്തത്. ഞാൻ പഠിച്ച് ജോലി നേടുന്നത് യുകെയിൽ ആയിരിക്കും. അവിടെ ഞാൻ ഒരു 10 -15 വർഷം സർവീസ് എടുക്കുമ്പോൾ എനിക്ക് നിങ്ങളെ സംരക്ഷിക്കാനുള്ള എല്ലാം ചെയ്യാനാകും’ എന്ന് അവൻ പറയുമായിരുന്നു. ഇങ്ങനെ ഉത്തരവാദിത്തങ്ങൾ പറഞ്ഞു മനസ്സിലാക്കിയ മോന് ഏതെങ്കിലും കെട്ടടത്തിൽനിന്ന് ചാടാൻ പറ്റൂല്ല.. ഞാൻ കൊടുക്കുന്ന പൈസ ശേഖരിച്ച് വെച്ച് ഇവിടെ വരുമ്പോൾ അമ്മയേയും കൂട്ടി പോയി സാധനങ്ങളെല്ലാം വാങ്ങിവരുന്നവനാണ്. എല്ലാ കുടുംബ കാര്യങ്ങളും അറിഞ്ഞു ചെയ്യുന്നവനാണ്. അവൻ ഒരിക്കലും ഒന്നും ചെയ്യൂല്ല’ -അച്ഛൻ പറഞ്ഞു.

നിധിൻ രാജിന്‍റെ മൃതദേഹം മരണാനന്തര കർമങ്ങൾക്കായി കൊണ്ടുപോകുന്നു

‘മൂന്നു നിലേന്ന് ചാടി എന്ന് പറയുമ്പോ ബോഡിയിൽ എന്തോരം മുറിവ് വവേണം? ബോഡി ഇവിടെ കൊണ്ടുവന്ന നിങ്ങളെല്ലാം കണ്ടതല്ലേ? അവന്റെ മുഖത്ത് ഒരു ചെറിയ മുറിവ്, രണ്ട് പോറൽ അല്ലേ ഉണ്ടായിരുന്നുള്ളൂ? അവര് പറഞ്ഞത് ബാക്ക് തലയടിച്ചെന്നല്ലേ?ഫ്രീസറിന്റെ അടപ്പെടുത്തപ്പോൾ ഞാൻ എല്ലാം നോക്കി. പല്ലിന് ഒരു കുഴപ്പവുമില്ല.. ഒരു പല്ലു പോലും പൊട്ടിയിട്ടില്ല.. ഇത്രയും നിലയിൽനിന്ന് തള്ളിയിട്ടാലും ചാടിയാൽ പോലും അങ്ങനെയല്ലലേലാ സംഭവിക്കേണ്ടത്? ചെവിയിൽ മുറിവുകളില്ല.. എനിക്കറിയാം ഇത് ആത്മഹത്യ അല്ല, കൊലപാതകമാണ്.. കൊല ചെയ്തതാണ്.

എത്രയോ വർഷം കിടപ്പിലായിരുന്ന ഒരു വിദ്യാർത്ഥിയെ, ഇപ്പോൾ കോടതിയുടെ സഹായത്തോടുകൂടി ജീവൻ എടുത്തില്ലേ. എത്ര വർഷം ആ മാതാപിതാക്കൾ അവനെ നോക്കി? അങ്ങനെയെങ്കിലും അവർക്ക് എന്റെ മോനെ എനിക്ക് ഉയിരോടെ തന്നുകൂടായിരുന്നോ?അല്ലെങ്കിൽ ഇവനുമായിട്ട് എന്തെങ്കിലും ടീച്ചർമാർക്ക് ഇഷ്യൂസ് ഉണ്ടായിരുന്നെങ്കിൽ മാതാപിതാക്കളായ ഞങ്ങളെ ഒന്ന് അറിയിച്ചൂടെ?

സാമ്പത്തികമായി മാത്രമേ ഞങ്ങൾക്ക് കുറവുള്ളൂ. സംസാരിക്കാനുള്ള കഴിവുണ്ട്. എന്റെ രണ്ടു പെൺകുട്ടികൾക്കും നല്ല വിദ്യാഭ്യാസമുണ്ട്. എൻജിനീയറിങ്ങും ഡിഗ്രിയും എല്ലാം കഴിഞ്ഞ് എല്ലാവരും നല്ല രീതിയിൽ ക്വാളിഫൈഡാണ്. അവരെ വിളിച്ചു പറയാല്ലോ. എന്റെ ഭാര്യക്ക് മാത്രമേ വലിയ വിദ്യാഭ്യാസം കുറവുള്ളൂ. ഞങ്ങളെ എന്തുകൊണ്ട് അറിയിച്ചില്ല? അപ്പോൾ ഇത് കൊലപാതകമാണ്. അറിഞ്ഞു കൂട്ടി കൊണ്ടുള്ള കൊലപാതകം.

ഇവന് സർക്കാർ മെറിറ്റിലാണ് ഇത് കിട്ടിയത്. അപ്പോൾ ഇതിന്ന് ഇവനെ എടുത്ത് കളഞ്ഞിട്ട് അടുത്ത വർഷം ഒരു 50 ലക്ഷം രൂപക്ക് ഒരുത്തനെ കയറ്റിയാൽ മാനേജ്മെന്റിന് 50 ലക്ഷം രൂപ ലാഭമല്ലേ. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് ഇവർ ചെയ്തത്’ -അദ്ദേഹം പറഞ്ഞു.

ഹൃ​ദ​യം നു​റു​ങ്ങു​ന്ന കാഴ്ചയായി അന്ത്യയാത്ര

മ​ക​ൻ ഡോ​ക്ട​റാ​യി വ​രു​ന്ന​ത് കാ​ണാ​ൻ കാ​ത്തി​രു​ന്ന അ​മ്മ​ക്കും അ​ച്ച​നും കു​ടും​ബ​ത്തി​നും തീ​രാ​നോ​വാ​യാണ് നി​തി​ൻ മ​ട​ങ്ങിയത്. ഹൃ​ദ​യം നു​റു​ങ്ങു​ന്ന കാ​ഴ്ച​ക​ൾ​ക്ക്​ സാ​ക്ഷി​യാ​യി അ​ന്ത്യ​ചും​ബ​നം ന​ൽ​കി പ്രി​യ​മ​ക​നെ യാ​ത്ര​യാ​ക്കു​മ്പോ​ൾ അ​ത്​ നാ​ടി​ന്‍റെ​കൂ​ടി നോ​വാ​യി. പ​ഠി​ച്ച് ജോ​ലി നേ​ടി, വീ​ടു​വെ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച പു​ര​യി​ട​ത്തി​ൽ ഇ​നി അ​വ​ന് അ​ന്ത്യ​നി​ദ്ര. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന്​ ശേ​ഷം ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് നെ​ടു​മ​ങ്ങാ​ട്​ ഉ​ഴ​മ​ല​ക്ക​ൽ കൊ​റ്റാ​മ​ല വീ​ട്ടി​ലെ​ത്തി​ച്ചത്.

ഇ​ല്ലാ​യ്മ​ക​ളി​ലും പ്ര​തീ​ക്ഷ​യോ​ടെ വ​ള​ർ​ത്തി​യ മ​ക​ൻ ന​ഷ്ട​പ്പെ​ട്ട അ​ച്ഛ​ൻ രാ​ജ​നെ​യും അ​മ്മ ല​ത​യെ​യും ആ​ശ്വ​സി​പ്പി​ക്കാ​നാ​കാ​തെ ക​ണ്ടു​നി​ന്ന​വ​ർ കു​ഴ​ങ്ങി. എ​ന്റെ ഒ​രു ഭാ​ഗ​മാ​ണ് ഈ ​കി​ട​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞു നി​ല​വി​ളി​ക്കു​ന്ന അ​ച്ഛ​ൻ രാ​ജ​ൻ നാ​ടി​ന്റെ നോ​വാ​യി. ഇ​തി​നാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ എ​ന്റെ മ​ക​നെ പെ​യി​ന്റ് ജോ​ലി​ക്ക് കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നി​ല്ലേ എ​ന്ന് അ​ല​മു​റ​യി​ട്ട രാ​ജ​നെ​യും ല​ത​യെ​യും സ​ഹോ​ദ​രി​യെ​യും ആ​ശ്വ​സി​പ്പി​ക്കാ​നാ​കാ​തെ കൂ​ടി നി​ന്ന​വ​ർ കു​ഴ​ങ്ങി. രാ​ജ​ന്റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ നാ​ടി​ന്റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള​വ​ർ വാ​ട​ക വീ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി.

നി​തി​ൻ മു​മ്പ് പ​ഠി​ച്ച ഉ​ഴ​മ​ല​ക്ക​ൽ ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും കൂ​ട്ടു​കാ​രും വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. പ​ഠി​ച്ച് ഡോ​ക്ട​റാ​യി നി​തി​ൻ വ​രു​ന്ന​ത് പ്ര​തീ​ക്ഷി​ച്ച വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്​ വെ​ള്ള​ത്തു​ണി​യി​ൽ പൊ​തി​ഞ്ഞ 23കാ​ര​ന്‍റെ ഭൗ​തി​ക ദേ​ഹം. അ​വ​ധി​ക്ക് വീ​ട്ടി​ൽ വ​രാ​നി​രു​ന്ന​വ​ൻ ഇ​നി ഒ​രി​ക്ക​ലും തി​രി​ച്ചു പോ​കി​ല്ല. സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ആ​ഗ്ര​ഹ​ങ്ങ​ളും ബാ​ക്കി​യാ​ക്കി നി​തി​ൻ മ​ട​ങ്ങി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ നി​ല​യി​ൽ ഒ​ന്നാം​വ​ർ​ഷ ബി.​ഡി.​എ​സ്​ വി​ദ്യാ​ർ​ഥി നി​തി​നെ ക​ണ്ട​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ നി​തി​നെ മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നെ​ന്നും അ​ധി​ക്ഷേ​പി​ച്ചി​രു​ന്നെ​ന്നു​മാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്. മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​റ​പ്പി​ച്ച് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ദ​ന്ത​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. റാം, ​അ​സോ. പ്ര​ഫ. ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

നി​തി​ന്റെ മ​ര​ണ​ത്തി​ല്‍ വ​കു​പ്പ് മേ​ധാ​വി റാ​മി​നെ​തി​രെ കു​ടും​ബം രം​ഗ​ത്തെ​ത്തി. ‘‘തെ​രു​വ് പ​ട്ടി അ​ല്ലേ നീ’’ ​എ​ന്ന് നി​തി​നോ​ട് ചോ​ദി​ച്ചി​രു​ന്നു. ഇ​വി​ടെ പ​ഠി​ക്കാ​ൻ എ​ന്ത് അ​ർ​ഹ​ത​യു​ണ്ടെ​ന്നും ചോ​ദി​ച്ചി​രു​ന്നു. അ​ധി​ക്ഷേ​പം നേ​രി​ട്ട​പ്പോ​ൾ ഒ​രു​ത​വ​ണ പ്ര​തി​ക​രി​ച്ചു. അ​തോ​ടെ സ്ഥി​ര​മാ​യി അ​പ​മാ​നി​ക്കാ​ൻ തു​ട​ങ്ങി. നി​തി​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന് സ​ഹോ​ദ​രി ഭ​ർ​ത്താ​വ്​ അ​ശോ​ക് കു​മാ​ർ പ​റ​ഞ്ഞു.

വ​കു​പ്പ് മേ​ധാ​വി​യു​ടെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്റെ ആ​രോ​പ​ണം. ജാ​തി​യു​ടെ​യും നി​റ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ച്ച്.​ഒ.​ഡി അ​ധി​ക്ഷേ​പി​ച്ച​താ​യി നി​തി​ന്റെ പി​താ​വ് രാ​ജ​ന്‍ ആ​രോ​പി​ച്ചു. കു​ട്ടി​യെ ‘‘പു​ഴു​ത്ത പ​ട്ടി’’ എ​ന്നാ​ണ് വ​കു​പ്പ് മേ​ധാ​വി വി​ളി​ച്ചി​രു​ന്ന​തെ​ന്ന് അ​മ്മ ല​ത പ​റ​ഞ്ഞു. സീ​നി​യേ​ഴ്‌​സ് റാ​ഗി​ങ് ചെ​യ്തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Tags:    
News Summary - kannur dental college student nithin raj death father reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.