തിരുവനന്തപുരം: ജനതാദൾ-എസ് കേരള ഘടകം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കാൻ തീരുമാനിച്ചു. പാർട്ടിയുടെ സംസ്ഥാനത്തെ രണ്ട് എം.എൽ.എമാരും ലയനം സംബന്ധിച്ച കത്ത് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന് നൽകി. ലയന സമ്മേളനം ജനുവരി 17ന് രാവിലെ 10ന് എറണാകുളം ടൗൺ ഹാളിൽ നടക്കുമെന്ന് ജനതാദൾ-എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്, മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി തുടരും. മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങൾ പുലർത്തുന്ന കേരളത്തിലെ എൽ.ഡി.എഫാണ് ബി.ജെ.പി വിരുദ്ധ, കോൺഗ്രസ് ഇതര രാഷ്ട്രീയത്തിന്റെ സ്വാഭാവിക ഇടം. 2022 സെപ്റ്റംബറിൽ ചേർന്ന ജനതാദൾ-എസ് ദേശീയ സമ്പൂർണ സമ്മേളനത്തിൽ അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലെ നിലപാടിൽ നിന്നും വ്യതിചലിച്ചാണ് കർണാടകയിൽ ബി.ജെ.പി.യുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയത്.
ബി.ജെ.പിയോട് സഖ്യപ്പെടാനുള്ള തീരുമാനം കേരളഘടകം തള്ളിക്കളയുന്നതായി സംസ്ഥാന നിർവാഹക സമിതി നേരത്തേ തന്നെ ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടർച്ച എന്ന നിലയിലാണ്, നിയമവ്യവസ്ഥകൾ പാലിച്ച് തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ പുതുതായി രജിസ്റ്റർ ചെയ്ത ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കാൻ കേരള ഘടകം തീരുമാനിച്ചത്. എൽ.ഡി.എഫ് ജില്ല കൺവീനർ അഡ്വ. എസ്. ഫിറോസ് ലാലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.