കണ്ണൂർ: നിതിൻരാജിന്റെ മരണത്തിൽ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് നിതിൻ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കരഞ്ഞുകൊണ്ട് വരുന്നത് കണ്ടതായി ദൃക്സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചു. കോളജിനകത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളും ചില രേഖകളും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ ദൃശ്യങ്ങൾ ലഭിച്ചത്.

പ്രിൻസിപ്പലിന്റെ മുറിയിൽ എന്ത് സംഭവിച്ചുവെന്ന കാര്യം വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്ത് പ്രിൻസിപ്പലിന്റെ മുറിയിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന കാര്യവും പരിശോധിച്ചുവരികയാണ്. നിതിൻരാജിന്റെ മരണത്തിലേക്ക് നയിച്ചത് മൂന്നുകാര്യങ്ങളാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അധ്യാപകരിൽനിന്ന് നേരിട്ട ജാതിവിവേചനത്തിനൊപ്പം ലോൺ ആപ്പുകാരുടെ സമ്മർദവും പ്രിൻസിപ്പലും അധ്യാപകരും നടത്തിയ ചോദ്യം ചെയ്യലുമാണ് നിതിനെ സമ്മർദത്തിലാക്കിയത്. അധ്യാപികയായ ലതാ ശശിധരന്റെ ഗ്യാരണ്ടിയിൽ ലോൺആപ്പിൽ നിന്ന് 14,000 രൂപയോളം നിതിൻ വായ്പയെടുത്തിരുന്നു. തിരിച്ചടവുമായി ബന്ധപ്പെട്ട് കടുത്ത സമ്മർദം നിതിനും അധ്യാപികക്കും നേരിടേണ്ടി വന്നു.

മരിക്കുന്നതിന് മുമ്പത്തെ ദിവസം നിതിനെ ലോൺആപ്പുകാർ 98 തവണയും അധ്യാപികയെ 26 തവണയും വിളിച്ചു. ഇതോടെയാണ് അധ്യാപിക വിഷയം പ്രിൻസിപ്പലിനോട് പറയുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പ് അധ്യാപികയും നിതിനും പ്രിൻസിപ്പലിന്റെ മുറിയിലെത്തി. പ്രിൻസിപ്പൽ നിതിന്റെ ഫോൺ വാങ്ങിച്ചതിന് പിന്നാലെ കരഞ്ഞ് മുറിവിട്ട നിതിൻ കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ജാതി അധിക്ഷേപം, ലോൺആപ്പ് ഭീഷണി, കോളജ് വിചാരണ ഇങ്ങനെ ഒന്നിനു പിന്നാലെ ഒന്നായി ഏൽക്കേണ്ടി വന്ന മാനസിക സമ്മർദങ്ങളാണ് നിതിൻരാജിനെ മരണത്തിലേക്ക് തള്ളിയിട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതേസമയം ലോൺആപ്പ് ഭീഷണി മറയാക്കി അന്വേഷണം വഴിതിരിക്കാനാണ് കോളജ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

Tags:    
News Summary - Footage of Nithinraj crying from the principal's room has surfaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.