‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം...’ തൃശൂർ പൂരത്തെ കുറിച്ച് ഡോ. ഹാരിസ് ചിറക്കൽ

കോഴിക്കോട്: വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാമെന്ന് ചോദിക്കുകയാണ് ഡോ. ഹാരിസ് ചിറക്കൽ. 2009 മുതൽ 2012 വരെ തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന കാലത്താണ് തൃശൂർ ജില്ലയിലെ നിരവധി പൂരാഘോഷങ്ങൾ കാണാൻ സാധിച്ചത്. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരവും.

അങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയി ആദ്യത്തെ പൂരം തന്നെ തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായി നേരിട്ട് കാണാൻ സാധിച്ചു. സാംപിൾ വെടിക്കെട്ട്‌, മഠത്തിൽ വരവ് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം. പാലക്കാടൻ തീക്കാറ്റ് കൊണ്ടു വരുന്ന കൊടുംചൂടിൽ പോലും തൃശൂർ പൂരം ഒരു കുളിർമ നൽകുന്ന അനുഭവം ആണെന്ന് ഡോ. ഹാരിസ് ചിറക്കൽ എഴുതുന്നു. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് ഡോക്ടർ തന്റെ പൂരാനുഭവങ്ങൾ പങ്കുവെച്ചത്.

കുറിപ്പ് പൂർണരൂപത്തിൽ

വെടിക്കെട്ട്‌ അപകടം

2009 മുതൽ 2012 വരെ തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന കാലത്താണ് തൃശൂർ ജില്ലയിലെ നിരവധി പൂരാഘോഷങ്ങൾ കാണാൻ സാധിച്ചത്. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരവും. അങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയി ആദ്യത്തെ പൂരം തന്നെ തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായി നേരിട്ട് കാണാൻ സാധിച്ചു. സാംപിൾ വെടിക്കെട്ട്‌, മഠത്തിൽ വരവ് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം. പാലക്കാടൻ തീക്കാറ്റ് കൊണ്ടു വരുന്ന കൊടുംചൂടിൽ പോലും തൃശൂർ പൂരം ഒരു കുളിർമ നൽകുന്ന അനുഭവം ആണ്. പെരുവനത്തിന്റെ ഇലഞ്ഞിത്തറ മേളവും മട്ടന്നൂരിന്റെ ചെമ്പട താളവും അന്ന് നേരിട്ട് കാണാൻ ഭാഗ്യമുണ്ടായി. വെടിക്കെട്ടും കുടമാറ്റവും ഇല്ലെങ്കിൽ പൂരത്തിന് ജീവനില്ല. ദിഗന്തങ്ങൾ പിളർക്കുന്ന വെടിക്കെട്ട്‌, അത് നേരിട്ട് അനുഭവിക്കണം.

ആ അനുഭവം ഉള്ളവർക്ക് വെടിക്കെട്ട്‌ വേണ്ട എന്ന് പറയാൻ കഴിയില്ല. നെന്മാറ വല്ലങ്ങി വേലയോടൊപ്പമുള്ള വെടിക്കെട്ട്‌ അതേ പോലെ തന്നെ ഗംഭീരമാണ്. തുറസ്സായ വയലിൽ നടക്കുന്ന നെന്മാറ വെടിക്കെട്ട് മറ്റൊരു ഫോർമുലയാണ് പിന്തുടരുന്നത്. ഉത്രാളിക്കാവ് പോലെ മറ്റു പല ഉത്സവങ്ങളിലും ശക്തമായ കരിമരുന്നു പ്രയോഗം ഉണ്ട്. ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ തുടങ്ങി ശ്വാസം എടുക്കാൻ പോലും മറന്നു പോകുന്ന കൂട്ടപ്പൊരിച്ചിലിൽ എത്തുമ്പോൾ നമ്മൾ മറ്റെല്ലാം മറക്കും. കൂട്ടപ്പൊരിച്ചിൽ കഴിയുമ്പോൾ നമ്മൾ കുറച്ചു സമയം കണ്ണടച്ച് നിന്നുപോകും. എന്താണ് ഇതിലെ സവിശേഷത എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ കഴിയില്ല. പക്ഷെ, എന്തോ ഒന്നുണ്ട്. ഒരിക്കൽ നേരിട്ട് കണ്ടാൽ പിന്നെയും പിന്നെയും കാണാനുള്ള അഡിക്ഷൻ സൃഷ്ടിക്കുന്ന അനുഭവമാണ് പൂരവും വെടിക്കെട്ടും.

അപകടങ്ങൾ ഉണ്ടാകുമ്പോൾ ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം, നമ്മൾ, നമ്മുടെ സമൂഹം. നിർത്തി വെക്കേണ്ട കാര്യമില്ല. സുരക്ഷാക്രമീകരണങ്ങൾ കുറേക്കൂടി ശക്തമാക്കണം. പങ്കെടുക്കുന്ന ജനങ്ങൾ നിയമങ്ങൾ പാലിക്കണം, അച്ചടക്കം പാലിക്കണം. ലൈസൻസികൾ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. വെടിമരുന്ന് കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് എല്ലാ സുരക്ഷയും ഉറപ്പ് വരുത്തണം. സജീവമായ ഒരു സമൂഹത്തിന്റെ പ്രസരിപ്പാണ് ആഘോഷങ്ങൾ. അത് നടക്കട്ടെ. ആർക്കും അതുകൊണ്ട് വിഷമതകൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ആഘോഷ കമ്മിറ്റികളുടെ ചുമതലയാണ്. തൃശൂർ അപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ.

Tags:    
News Summary - Dr. Haris Chirakkal about Thrissur Pooram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.