വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ
കൽപറ്റ: വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരുടെയും സർക്കാറിന്റെയും വാദങ്ങളിൽ വൈരുധ്യം. കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് മേപ്പാടിയിലെ കള്ളാടി വരെയാണ് 8.73 കി.മീറ്ററുള്ള തുരങ്കപാത. കോഴിക്കോട് ജില്ലയിൽ 3.15 കി.മീറ്ററും വയനാട് ജില്ലയിൽ 5.58 കി.മീറ്ററുമാണുള്ളത്.
മേപ്പാടിയിലെ മീനാക്ഷി പാലത്തിനടുത്തുനിന്നാണ് പാതയുടെ വയനാട്ടിലെ തുടക്കം. ഇവിടെയാണ് ഇപ്പോൾ ദുരന്തമുണ്ടായത്. നിർമാണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് (ഡി.ബി.എൽ) പാലിച്ചില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശനടക്കം പറയുന്നത്. എന്നാൽ, എല്ലാ എൻജിനിയറിങ് സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവയുടെ വാദം.
നേരത്തേ തന്നെ വിള്ളൽ, ഒന്നുമില്ലെന്ന് കമ്പനി
കഴിഞ്ഞ ആഗസ്റ്റ് 31ന് എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ് തുരങ്കപാത നിർമാണം തുടങ്ങിയത്. തുരങ്കം നിർമിക്കാനായി മീനാക്ഷിമല തുരക്കാനായി മണ്ണുനീക്കുന്ന പ്രവൃത്തികളാണ് മാസങ്ങളായി നടന്നിരുന്നത്. നീക്കുന്ന മണ്ണ് വലിയ കുന്നുകണക്കെ ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. വേനൽമഴയിൽ ഈ മണ്ണ് ചൂരൽമല റോഡിലേക്കും കള്ളാടി പുഴയിലേക്കും ഒലിച്ചിറങ്ങി. ഭീമൻ മൺകൂനകൾ നൂറുകണക്കിന് ടാർപോളിൻ ഷീറ്റുകൊണ്ട് മൂടിവെക്കുകയാണ് ചെയ്തത്. ഇതോടെ മഴവെള്ളം ഇതിൽ ഒലിച്ചിറങ്ങില്ലെന്നായിരുന്നു വാദം.
മലഞ്ചെരിവ് ഇടിച്ച ഭാഗത്തിന് മുകളിൽ കോൺക്രീറ്റ് ചെയ്ത് മഴവെള്ളം പോകാൻ പ്രത്യേക ചാലുകളും ഉണ്ടാക്കിയിട്ടുണ്ട്. ഈ കോൺക്രീറ്റിൽ വിള്ളൽ വീണിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ തൊഴിലാളികളടക്കം പറഞ്ഞിരുന്നു. പ്രദേശവാസികൾ ഇതുസംബന്ധിച്ച മുന്നറിയിപ്പ് കമ്പനി അധികൃതർക്ക് നൽകിയിരുന്നു. മൺചെരുവിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്തിനടുത്ത് മലയുടെ 100 മീറ്റർ മുകളിൽനിന്നാണ് ചൊവ്വാഴ്ച ഇടിഞ്ഞത്. ഇതും കൂട്ടിവെച്ച മൺകൂമ്പാരവും റോഡിലേക്ക് പതിച്ചായിരുന്നു ദുരന്തം.
മണ്ണുമല നീക്കാൻ നിർദേശിച്ചു, പാലിച്ചോ എന്ന് പരിശോധിച്ചില്ല
മീനാക്ഷിയിലെ മലതുരക്കൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പേ സർക്കാറിന്റെ വിവിധ തലങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ 25ന് പൊതുമരാമത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. അദീല അബ്ദുല്ലയുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശം സന്ദർശിച്ച് സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ നൽകിയിരുന്നു. പ്രദേശത്ത് ദിവസേന മഴയുടെ അളവ് നിരീക്ഷിക്കണമെന്നും 250 മില്ലിമീറ്ററിൽ കൂടുതലായാൽ എല്ലാ പ്രവൃത്തിയും നിർത്തിവെക്കണമെന്നും നിർദേശം നൽകി. മണ്ണ് സൂക്ഷിക്കാൻ സ്ഥലപരിമിതിയുള്ള കാര്യം ഉന്നതതല യോഗത്തിൽ കരാറുകാർ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രദേശത്ത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ട്യൂമാസ്, കരാറുകാരായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലും മലഞ്ചെരിവ് ഇടിയാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അപകടസാധ്യതയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്, ജിയോളജി വിദഗ്ധർ, ജില്ലാ ഭരണകൂടം എന്നിവയും മുന്നറിയിപ്പ് നൽകി. തുടർന്ന് മണ്ണ് മാറ്റാൻ കമ്പനി ടെണ്ടർ ക്ഷണിച്ചിരുന്നു. എന്നാൽ മഴ തുടങ്ങിയതോടെ മണ്ണ് നീക്കൽ നടത്താനാകാത്ത സ്ഥിതിയുമായി. മുന്നറിയിപ്പുകൾ നൽകിയെങ്കിലും ഭീമൻ മൺകൂനകൾ നീക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ അധികൃതർ നിസ്സംഗത പുലർത്തുകയായിരുന്നു.
നാട്ടുകാർ ചോദിച്ചു, മണ്ണ് തരുമോ...? കമ്പനി പറഞ്ഞു, ഇല്ല!!
മീനാക്ഷി മലയിൽനിന്ന് എടുത്തു സമീപത്ത് ഭീമൻ മൺകൂനകളായി ഇട്ട മണ്ണ് സമീപ പ്രദേശത്തുകാർക്ക് ഭീഷണിയായിട്ട് മാസങ്ങളായി. വീട് നിർമാണത്തിനും തങ്ങളുടെ സ്ഥലം നിരപ്പാക്കാനുമടക്കം ഈ മണ്ണ് തങ്ങൾക്ക് തരുമോയെന്ന് നാട്ടുകാർ പലവട്ടം കമ്പനി അധികൃതരോട് ചോദിച്ചിരുന്നു. എന്നാൽ മണ്ണ് ആവശ്യമുണ്ടെന്നും നൽകാൻ പറ്റില്ലെന്നുമായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.