കള്ളാടി: കള്ളാടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടം ചെറിയ മേഖലയിൽ നടന്ന സംഭവമാണെന്നും അത് വയനാടിനെ മുഴുവൻ ബാധിക്കുമെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ജില്ലയിലെ ജന ജീവിതത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ദുരന്ത മേഖലയും ദുരിതാശ്വാസ കേന്ദ്രവും സന്ദർശിച്ച ശേഷം നടന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഗവൺമെന്‍റിന്‍റെ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പുനഃപരിശോധിച്ച ശേഷമേ തുരങ്കനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരും. ദുരന്തത്തിന്‍റെ കാരണം സാങ്കേതികവും നിയമപരവുമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ തുരങ്കപാത നിർമാണം നടത്തരുതെന്ന് പറഞ്ഞതിന് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഏറെ ആക്ഷേപം കേട്ടിട്ടുള്ള ആളാണ് താനെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഏത് നിർമാണത്തിനും മണ്ണ് പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ മണ്ണിടിച്ചിലിൽ പൊലീസ് എഫ്.ഐ.ആർ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാണ് കുറ്റക്കാരെന്ന് ഇപ്പോൾ പറയാനാകില്ല.അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പുനരധിവസിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടവുമായി ആലോചിച്ച് വേണ്ട തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.