കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) നിശ്ചയിച്ച പ്രവേശന സമയപരിധി ഇന്ന് അവസാനിക്കെ വിദ്യാർഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിൽ. സ്പോട്ട് അഡ്മിഷൻ വഴി സീറ്റ് ലഭിക്കുന്ന വിദ്യാർഥികൾ ആഗസ്റ്റ് 14ന് വൈകീട്ട് നാലുമണിക്ക് മുമ്പ് രേഖകൾ സഹിതം കോളജുകളിൽ ഫീസടച്ച് പ്രവേശനം പൂർത്തിയാക്കണം. നിലവിൽ മലബാർ മേഖലയിൽ പ്രവേശനം നേടിയവർക്ക് സ്പോട്ട് അഡ്മിഷൻ വഴി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ എൻജിനീയറിങ് കോളജുകളിലേക്ക് മാറ്റം കിട്ടിയാൽ, കുറഞ്ഞ സമയപരിധിക്കകം എങ്ങനെ പ്രവേശനം പൂർത്തിയാക്കാൻ കഴിയുമെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
സംസ്ഥാനത്തെ 12 സർക്കാർ/എയ്ഡഡ് എൻജിനീയറിങ് കോളജുകളിലേക്കാണ് വ്യാഴാഴ്ച കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടന്നത്. മലബാർ മേഖലയിലെ വിദ്യാർഥികൾക്കായി നിശ്ചയിച്ച പ്രധാന കീം സ്പോട്ട് അഡ്മിഷൻ കേന്ദ്രങ്ങളിലൊന്ന് കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജ് ആയിരുന്നു. രാവിലെ ഒമ്പതു മുതൽ 12 വരെയായിരുന്നു രജിസ്ട്രേഷൻ സമയം. ഉച്ചയോടെ ഫലം അറിയിക്കുമെന്ന് അറിയിച്ചിട്ടും രാത്രി വൈകിയാണ് ലഭ്യമായത്.
പത്തനംതിട്ടയടക്കമുള്ള ജില്ലകളിലെ സ്വാശ്രയ എൻജിനീയറിങ് കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികൾ ഉൾപ്പെടെ എത്തിയിരുന്നു. ഇവർക്ക് മലബാർ മേഖലയിലെ സർക്കാർ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ലഭിച്ചാൽ നിലവിൽ പ്രവേശനം നേടിയ സ്ഥാപനത്തിൽ നിന്ന് ടി.സിയും മാർക്ക് ലിസ്റ്റും അടക്കമുള്ള രേഖകൾ വാങ്ങി അഡ്മിഷൻ എടുക്കണം. സ്വാശ്രയ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക് കോളജ് മാറുമ്പോൾ നേരത്തേ അടച്ച ഫീസ് ഉടൻ തിരികെ കിട്ടില്ല. പുതിയ കോളജിൽ വീണ്ടും ഫീസ് അടക്കേണ്ടിവരും. സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കണമെങ്കിൽ നിലവിലെ കോളജിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ടി.സി ഹാജരാക്കണം. പല മാനേജ്മെന്റുകളും സമയപരിധിയുടെ പേരുപറഞ്ഞ് ഇവ നൽകാൻ വിമുഖത കാണിക്കുന്നന്നു.
സ്പോട്ട് അഡ്മിഷനായി റിപ്പോർട്ടുചെയ്ത കോളജിൽ നിന്നോ അഡ്മിഷൻ ലഭിച്ച കോളജിൽ നിന്നോ അലോട്മെന്റ് മെമ്മോ വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. അക്കാര്യത്തിലും അവ്യക്തത നിലനിൽക്കുന്നു. രേഖകൾ പിന്നീട് ഹാജരാക്കിയാൽ മതിയെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയും വിദ്യാർഥികൾ പങ്കുവെച്ചു. എല്ലാ പ്രശ്നങ്ങൾക്കും കാരണം എ.ഐ.സി.ടി.ഇയുടെ സമയപരിധിയാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ആഗസ്റ്റ് 14നകം പ്രവേശന നടപടികൾ അവസാനിപ്പിക്കേണ്ടതിനാൽ പല മുൻനിര സർക്കാർ കോളജുകളിലും മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സമയപരിധി നീട്ടിക്കിട്ടാത്തപക്ഷം യോഗ്യരായ നിരവധി വിദ്യാർഥികൾക്ക് ഈ സർക്കാർ സീറ്റുകൾ നഷ്ടമാകും. മെഡിക്കൽ അലോട്ട്മെന്റുകൾ (നീറ്റ്/ കീം മെഡിക്കൽ) വൈകുന്നതിനാൽ എൻജിനീയറിങ് സീറ്റ് നിലനിർത്തണമോ അതോ മെഡിക്കൽ സീറ്റിനായി കാത്തിരിക്കണമോ എന്ന കാര്യത്തിലും വിദ്യാർഥികൾക്ക് ആശയക്കുഴപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.