മലപ്പുറം സംഘിമനസ്സുള്ള മാർക്സിസ്റ്റുകളുടെ കൂടാരമല്ല, മതേതര മനസ്സുള്ള മനുഷ്യരുടെ കൊട്ടാരം: ഡോ. ജിന്റോ ജോൺ
കൊച്ചി: പൊന്നാനി മുൻ എം.എൽ.എ പി. നന്ദകുമാർ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങൾക്ക് ശക്തമായ മറുപടിയുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. മലപ്പുറം സംഘിമനസ്സുള്ളവരുടെ കൂടാരമല്ലെന്നും, മതേതര മനസ്സുള്ള മനുഷ്യരുടെ സ്നേഹത്തിന്റെ മണ്ണാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സിപിഎം നേതൃത്വത്തിന്റെ മലപ്പുറം വിരുദ്ധ നിലപാടുകൾക്കും വർഗീയ പരാമർശങ്ങൾക്കുമെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളെ തള്ളിക്കളഞ്ഞ ജിന്റോ ജോൺ, എല്ലാ വൈവിധ്യങ്ങൾക്കിടയിലും സ്നേഹവും സാഹോദര്യവും പുലരുന്ന മതേതര മനസ്സുള്ള മനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് ഓർമിപ്പിച്ചു.
തെരഞ്ഞെടുപ്പുകളിൽ നേരിട്ട തോൽവിയുടെ കേട് തീർക്കാൻ മനുഷ്യരെ മതം പറഞ്ഞ് അപമാനിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മതത്തിന്റെ മതിൽക്കെട്ടുകൾ തീർത്ത് മനുഷ്യരെ കാണുന്ന ദോഷദൃഷ്ടി പാർട്ടി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പിണറായി വിജയനും മറ്റ് മുതിർന്ന നേതാക്കളും മുമ്പ് നടത്തിയ പ്രസ്താവനകളുടെ തുടർച്ചയാണ് നന്ദകുമാറിന്റെ ഈ പരാമർശമെന്നും, ഇത് മാർക്സിസ്റ്റ് നേതൃത്വത്തിലെ ഉള്ളിലിരുപ്പാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടി ജില്ലാ സമ്മേളനത്തിന്റെ സ്വാഗത വാചകങ്ങൾ പോലും ഇത്തരം വർഗീയ-വംശീയ പരാമർശങ്ങളിലൂടെയാണ് തുടങ്ങുന്നതെങ്കിൽ, വരും ചർച്ചകൾ എത്രമാത്രം വിദ്വേഷം നിറഞ്ഞതായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
പോസ്റ്റിന്‍റെ പൂർണരൂപം
മലപ്പുറം സംഘിമനസ്സുള്ള മാർക്സിസ്റ്റുകളുടെ കൂടാരമല്ല. മതേതര മനസ്സുള്ള മനുഷ്യരുടെ കൊട്ടാരം പോലുള്ള മണ്ണാണ്. അവിടെ എല്ലാ വൈവിധ്യങ്ങൾക്കിടയിലും സ്നേഹമെന്ന വികാരമുണ്ട്. സ്റ്റിക്കാറൊട്ടിച്ച് കൊല്ലാൻ നടക്കുന്നവർക്ക് മനസ്സിലാകാത്ത മനസ്സടുപ്പമാണ് മലപ്പുറത്തിന്റെ മനസ്സിലിരുപ്പ്. മറ്റെല്ലാ ജില്ലയിലും പോലെ തന്നെ മനുഷ്യരാണ് അവിടെയുമുള്ളത് എന്ന് ഈ മാർക്സിറ്റ് മതമൗലികവാദിക്ക് ക്ലാസ്സ് കൊടുക്ക് ബേബി സഖാവേ.
മതത്തിന്റെ മതിൽക്കെട്ടിനകത്ത് മാത്രം മനുഷ്യരെ കാണുന്ന ദോഷദൃഷ്ടി ഇനിയെങ്കിലും ചികിത്സിക്കണം സിപിഎം. മതം കൊണ്ട് മതിൽകെട്ടാതെ മനുഷ്യർക്കിടയിൽ മനസ്സാക്ഷിയുടെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ ഇഴകൾ കൊണ്ട് കൊരുത്തുചേർത്ത മനുഷ്യരെ ഇങ്ങനെ അപമാനിക്കരുത് സിപിഎം നേതാക്കൾ. തെരഞ്ഞെടുപ്പുകളിൽ സംപൂജ്യരായി തോറ്റതിന്റെ കേട് തീർക്കുന്നത് മനുഷ്യരെ മതം പറഞ്ഞത് മെക്കിട്ട് കയറിയാകരുത്.
മലിന മനസ്സുള്ള മാർക്സിസ്റ്റ് നേതാക്കളുടെ മനോഗുണമാണ് നന്ദകുമാറിന്റെ വർത്തമാനത്തിലൂടെ ഒഴുകിയത്. എത്രകാലമാണ് ഉള്ളിലുറഞ്ഞുകൂടിയ സംഘിവിഷം കെട്ടി നിർത്താനാകുക. മനസ്സിലെ വിഷസഞ്ചി നിറഞ്ഞാൽ പിന്നെ വിഷം പുറത്തേക്ക് വമിപ്പിക്കുക എന്നല്ലാതെ വഴിയില്ലല്ലോ. ഒറ്റപ്പെട്ടതല്ല.
ഒരുപാട് മുൻ നിലപാടുകളുടെ ചുവടുപിടിച്ചുള്ള കവിഞ്ഞ വർത്തമാനം മാത്രമാണിത്. പിണറായി വിജയനും വിജയരാഘവനും ബാലനും മറ്റനേകം പേർ മുൻപ് പറഞ്ഞതിന്റെ കുറച്ചുകൂടി വ്യക്തതയുള്ള വർഗ്ഗീയ പരാമർശം എന്നതിൽ കവിഞ്ഞൊന്നുമല്ല ഇത്. മലപ്പുറം വിരുദ്ധ മനോരോഗികളേ നിങ്ങൾ മതനിരപേക്ഷരോ മതേതരരോ അല്ല. മതവെറി പൂണ്ട വെറും മലിന മാർക്സിസ്റ്റുകൾ മാത്രം. സംഘിബോധം ഉള്ളുനിറഞ്ഞ് തുളുമ്പുന്ന വെറും സംഘാക്കൾ.
തെറ്റുതിരുത്തൽ വിശാല ജില്ലാ സമ്മേളനത്തിന്റെ സ്വാഗത വാചകങ്ങൾ ഇവ്വിധമാണെങ്കിൽ പൂർണ്ണ ചർച്ചകൾ എത്രമാത്രം വർഗ്ഗീയ വംശീയ 'സംഘികീർത്തനങ്ങൾ' ആയിരിക്കും! പിണറായിസ്റ്റ് പാർട്ടി ഇപ്പോൾ മത വർഗ്ഗീയ വംശീയ വിദ്വേഷത്തിന്റെ കൂടാരമാണ്!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.