ഹോസ്റ്റലിൽ കയറി എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചെന്ന് ആരോപണം; കന്റോൺമെന്റ് എസ്.ഐയുടെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചെന്ന് ആരോപിച്ച് കന്‍റോൺമെന്‍റ് എസ്.ഐ ഗോകുൽ ഗോപന്‍റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. ജില്ല പഞ്ചായത്ത് ഓഫിസിൽനിന്ന് പൊട്ടക്കുഴിയിലെ വീട്ടിലേക്കായിരുന്നു മാർച്ച്. ഡി.വൈ.എഫ്.ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാർച്ച് ഗോകുൽ ഗോപാലിന്‍റെ വീടിനുമുന്നിൽ പൊലീസ് തടഞ്ഞു. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫിസിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യുമെന്ന് എസ്.എഫ്.ഐ നേതാവിനെ, ഗോകുൽ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. സംഭവത്തിൽ എസ്.എഫ്.ഐ, ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.
തലസ്ഥാനത്തെ സംഘർഷങ്ങളെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് എസ്.എഫ്.ഐ ജില്ല സെക്രട്ടറിയെ കൻറോൺമെന്‍റ് എസ്.ഐ ഗോകുൽ ഗോപാൽ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തുവന്നത്. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫിസിൽ കയറി പിടികൂടുമെന്നും ആഭ്യന്തരമന്ത്രി സംസാരിച്ചത് കൊണ്ടാണ് അറസ്റ്റ് നിർത്തിവെച്ചതെന്നും എസ്.ഐയുടെ ഓഡിയോയിലുണ്ട്. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെയാണ് തലസ്ഥാനത്ത് സി.പി.എം-പൊലീസ് ബന്ധം വഷളായത്.
പ്രവർത്തകരെ തെരഞ്ഞുപിടിച്ച് മർദിച്ചതിന് പിന്നിൽ കന്‍റോൺമെന്‍റ് സി.ഐ സതീഷ് കുമാറും എസ്.ഐ ജി. ഗോകുലുമെന്നാണ് സി.പി.എമ്മിന്‍റെയും എസ്.എഫ്.ഐയുടെയും പരാതി. എസ്.ഐക്കെതിരെ സമൂഹികമാധ്യമങ്ങളിൽ പാർട്ടി നേതാക്കളുടെ മുന്നറിയിപ്പ് പോസ്റ്റുകൾ ഉയർന്നിരുന്നു. എസ്.ഐയുടെ വീട്ടിലേക്ക് എസ്.എഫ്.ഐ മാർച്ചും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഡിയോ പുറത്തുവന്നത്. ഓഡിയോ വിവാദമായതോടെ എ.ഡി.ജി.പി പി. വിജയൻ സിറ്റി പൊലീസ് കമീഷണർക്ക് അന്വേഷണത്തിന് നിർദേശം നൽകി. എസ്.ഐയെ കമീഷണർ നേരിട്ട് വിളിപ്പിച്ച് വിവരങ്ങൾ തേടി. ഉടൻ നടപടിയെടുക്കാനാണ് നീക്കം. കഴിഞ്ഞദിവസം എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം നേതാക്കൾ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.