സി.പി.എം പ്രവർത്തകരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടവർ

സി.പി.എം പ്രവർത്തകരെ ബോംബെറിഞ്ഞ കേസ്; അഞ്ച് ആർ.എസ്‌.എസ് പ്രവർത്തകർക്ക് കഠിനതടവും പിഴയും

തലശ്ശേരി: സി.പി.എം പ്രവർത്തകരെ ബോംബെറിഞ്ഞ്‌ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ചു ആർ.എസ്‌.എസ് പ്രവർത്തകർക്ക് കഠിനതടവും പിഴയും ശിക്ഷ. കോയ്യോട്‌ ചെമ്പിലോട്‌ കോവിലിലെ കൊടിവളപ്പിൽ ഹ‍ൗസിൽ കെ.വി. സിനോജ്‌ എന്ന ചക്കി സിനോജ്‌ (37), ഏച്ചൂർ അംഗനവാടിക്കടുത്ത അയ്യപ്പൻമല ചടയൻ ഹ‍ൗസിൽ സി. ലനീഷ്‌ (33), ചെമ്പിലോട്‌ കോവിൽ കോരൻ നായർ സ്‌മാരക വിഞ്ജാന കേന്ദ്രത്തിനടുത്ത മയൂരം ഹ‍ൗസിൽ കെ. ശിഷിർ (31), സഹോദരൻ കെ.വി. ഷാരോൺ (33), ചെമ്പിലോട്‌ കോവിൽ പാറക്കൽ ഹ‍ൗസിൽ സി.കെ. ഷനിൽ കുമാർ (44) എന്നിവരെയാണ്‌ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ്‌ (മൂന്ന്) കോടതി ജഡ്‌ജി റൂബി കെ. ജോസ്‌ ശിക്ഷിച്ചത്. ഒന്നാംപ്രതി കെ.വി. സിനോജിന് 29.5 വർഷം തടവും 1,35,000 രൂപ പിഴയുമാണ് ശിക്ഷ. മറ്റു നാലുപ്രതികൾക്ക് 13.5 വർഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്നതിനിടെ ചക്കരക്കല്ല്‌ തലമുണ്ട അപ്പക്കടവ്‌ മുത്തപ്പൻ ക്ഷേത്രത്തിനടുത്ത തുണ്ടിക്കണ്ടിയിൽ ഹ‍ൗസിൽ കെ. സമേഷ്‌ (36), സുഹൃത്ത്‌ ചക്കരക്കല്ല്‌ കണയന്നൂരിലെ ഓറോറക്കണ്ടി ഹ‍ൗസിൽ ഒ.കെ. രാജേഷ് (42) എന്നിവരെ സ്‌റ്റീൽ ബോംബൈറിഞ്ഞ്‌ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. ഒന്നാംപ്രതി സിനോജിന് വധശ്രമക്കേസിലെ 13.5 വർഷം തടവിനും മുക്കാൽ ലക്ഷം രൂപ പിഴക്കും പുറമെ സ്ഫോടക വസ്തു നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 16 വർഷം കഠിന തടവും 60,000 രൂപ പിഴയുമുണ്ട്. വ്യാഴാഴ്ച കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്ക് ശനിയാഴ്ചയാണ് ശിക്ഷ വിധിച്ചത്.

2016 ജനുവരി മൂന്നിന്‌ വൈകീട്ട്‌ അഞ്ചോടെ ചെമ്പിലോട്‌ കോവിൽറോഡ്‌ ജങ്‌ഷനിലാണ് ബോംബേറുണ്ടായത്. കെ. സമേഷിന്റെ കാൽ ബോംബേറിൽ തകർന്നു. സ്‌ഫോടനത്തിൽ ചിതറിപ്പോയ കാൽ പിന്നീട്‌ മുറിച്ചുമാറ്റി. സമേഷിന്റെ കാലിൽ തട്ടിയാണ്‌ ബോംബ്‌ പൊട്ടിയത്‌. ശരീരമാസകലം ബോംബിന്റെ ചീള്‌ തെറിച്ച സമേഷ്‌ 10 വർഷത്തിനു ശേഷവും ചികിത്സ തുടരുകയാണ്‌. ഒപ്പമുണ്ടായിരുന്ന രാജേഷിനും ബോംബേറിൽ ഗുരുതരമായി പരിക്കേറ്റു.

സ്ഫോടനം നടന്ന സ്ഥലത്തിനടുത്ത വീട്ടിൽ നിൽക്കുകയായിരുന്ന ചെമ്പിലോട്‌ കോവിലിലെ പാലിച്ചാലിൽ ഹ‍ൗസിൽ സഫിയത്തിനും ബോംബിന്റെ ചീള്‌ തറച്ച്‌ പരിക്കേറ്റിരുന്നു. സി.ഐമാരായിരുന്ന കെ.എസ്‌. ഷാജി, പ്രകാശൻ പടന്നയിൽ, കെ.വി. പ്രമോദൻ എന്നിവരാണ്‌ കേസന്വേഷിച്ചത്‌. കണ്ണൂർ സിറ്റി സി.ഐയായിരുന്ന പ്രദീപൻ കണ്ണിപ്പൊയിലാണ്‌ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്‌. കേസിൽ 23 സാക്ഷികളെ വിസ്‌തരിച്ചു. 40 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക്‌ പ്രോസിക്യൂട്ടർ കെ. രൂപേഷ്‌ ഹാജരായി. പ്രതികളെ പിന്നീട് ജയിലിലേക്ക് മാറ്റി.

Tags:    
News Summary - Court Sentences 5 RSS Workers to Rigorous Imprisonment in 2016 CPM Bomb Attack Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.