ഐ.ടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവ്; ഇനി 'ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫ്യൂച്ചർ ടെക്‌നോളജീസ്'

തിരുവനന്തപുരം: ഐ.ടി വകുപ്പിന്റെ പേര് മാറ്റിയതായി സർക്കാർ ഉത്തരവ്. 'ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫ്യൂച്ചർ ടെക്‌നോളജീസ്' (വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി, ഭാവി സാങ്കേതികവിദ്യാ വകുപ്പ്) എന്നാണ് പുതിയ പേര്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.

വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനമായത്. ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് തുടങ്ങിയ പരമ്പരാഗത ഐ.ടി/ഐ.ടി.ഇ.എസ് മേഖലകൾക്ക് പുറമേ, വളർന്നുവരുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലേക്ക് വകുപ്പിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.

നിർമിത ബുദ്ധി, ഇലക്ട്രോണിക്സ്, സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്പ്യൂട്ടിങ്, ബ്ലോക്ക്‌ചെയിൻ, സൈബർ സുരക്ഷ, ഇന്റർനെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ്, ഡ്രോണുകൾ, സ്‌പേസ് സാങ്കേതികവിദ്യകൾ, ക്ലൗഡ് കമ്പ്യൂട്ടിങ്, എവിജിസി-എക്സ്ആർ, ഗ്രാഫീൻ, ഡീപ്-ടെക് സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലെ പദ്ധതികൾ ഇപ്പോൾ വകുപ്പിന് കീഴിലാണ് ഏകോപിപ്പിക്കുന്നത്. നിലവിലുണ്ടായിരുന്ന പേര് ഈ വിപുലമായ പ്രവർത്തനങ്ങളെ പൂർണമായി പ്രതിഫലിപ്പിക്കാത്തതിനാലാണ് പുതിയ നാമകരണം.

മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും തീരുമാനത്തെ തുടർന്ന് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ.എസാണ് ഉത്തരവിറകിയത്. സർക്കാറിന്റെ കാര്യനിർവഹണച്ചട്ടങ്ങളിൽ ഇതിനാവശ്യമായ ഭേദഗതി വരുത്താൻ പൊതുഭരണ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - IT Department Renamed; AI and Future Tech Added

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.