റബർ ടാപ്പിങ് തൊഴിലാളികളുടെ പ്രതിസന്ധികൾ പരിഹരിക്കണം -കെ.ആർ.ടി.യു
മലപ്പുറം: വിലക്കയറ്റത്തിന് അനുസൃതമായി തൊഴിലാളികളുടെ ദിവസക്കൂലി വർധിക്കുന്നില്ലെന്നും കുടുംബം പുലർത്താൻ കഴിയാത്ത ദയനീയ അവസ്ഥയിലാണ് ഓരോ തൊഴിലാളിയെന്നും കേരള റബർ ടാപ്പിങ് തൊഴിലാളി യൂനിയൻ (കെ.ആർ.ടി.യു) സംസ്ഥാന കമ്മിറ്റി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും കനത്ത മഴയും കാരണം വർഷത്തിൽ നിരവധി ദിവസങ്ങളിൽ പണി മുടങ്ങുന്നു. അപകടസാധ്യതയേറിയ ഈ തൊഴിലിൽ ഒരുവിധ സുരക്ഷാ ഉപകരണങ്ങളോ ആരോഗ്യ ഇൻഷുറൻസോ ലഭ്യമല്ല. മാന്യമായ വേതനമോ സുരക്ഷിതത്വമോ ഇല്ലാത്തതിനാൽ പുതിയ തലമുറ ഈ തൊഴിലിലേക്ക് വരാൻ മടിക്കുന്നത് റബർ വ്യവസായത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നുണ്ട്. സർക്കാർ പ്രഖ്യാപനങ്ങൾ വെറും കടലാസിൽ ഒതുങ്ങുകയാണ്. ഇക്കാരണങ്ങളാൽ യൂനിയൻ കൂലി വർധന നടപ്പാക്കാൻ നിർബന്ധിതമായിരിക്കുകയാണ്.
പരിഷ്കരിച്ചതു പ്രകാരം, വെട്ടി പാലെടുത്ത് ഷീറ്റ് അടിക്കുന്നതിന് 3.50 രൂപ, വെട്ടി പാലെടുത്ത് ബാരലിൽ ഒഴിക്കുന്നതിന് 2.80 രൂപ, വെട്ടിക്കൊടുക്കുന്നതിന് 2.30 രൂപ, സ്ലോട്ടർ വെട്ടി പാലെടുത്ത് ഷീറ്റ് അടിക്കുന്നതിന് ഏഴു രൂപ, സ്ലോട്ടർ വെട്ടി പാലെടുത്ത് ബാരലിൽ ഒഴിക്കുന്നതിന് ആറ് രൂപ, സ്ലോട്ടർ വെട്ടിക്കൊടുക്കുന്നതിന് അഞ്ച് രൂപ, മാർക്ക് ചെയ്യുന്നതിന് 10 രൂപ, ടെംപ്ലേറ്റ് മാർക്ക് ചെയ്യുന്നതിന് 18 രൂപ എന്നിങ്ങനെയാണ് മിനിമം കൂലി.
വാർത്തസമ്മേളനത്തിൽ കെ.ആർ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.കെ. മുഹമ്മദ് മാസ്റ്റർ, ജനറൽ സെക്രട്ടറി പി. ഹനീഫ കിഴാറ്റൂർ, വർക്കിങ് പ്രസിഡന്റ് ഹഷ്കർ ബാബു, മലപ്പുറം ജില്ല പ്രസിഡന്റ് എ.ടി. ദാസൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.