തൊടുപുഴ: സംസ്ഥാനത്ത് താപനിലയിലെ വർധന കാർഷിക വിളകളുടെ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. കൊടും ചൂടിലും തുടർന്നുണ്ടാകുന്ന വരൾച്ചയിലും മൂന്നു മാസത്തിനിടെ 339 ഹെക്ടറിലെ കൃഷി പൂർണമായി നശിച്ചതായാണ് കൃഷി വകുപ്പിന്‍റെ കണക്ക്. 2,804 കർഷകരുടെ വിളകളാണ് ഈ കാലയളവിൽ ഇല്ലാതായത്. ചിലയിടങ്ങളിൽ വേനൽമഴ ലഭിച്ചെങ്കിലും ചൂട് ഉയർന്നു നിൽക്കുന്നത് കർഷകർക്ക് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം കോട്ടയം ജില്ലകളിലാണ് കൃഷിനാശം കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കേരള കാർഷിക സർവകലാശാല, റബർ ബോർഡ്, കോഫി ബോർഡ്, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവയുടെ പഠന പ്രകാരം മഴയുടെ ഏറ്റക്കുറച്ചിലുകൾ കാപ്പി, കുരുമുളക്, റബർ തുടങ്ങിയ നാണ്യവിളകളുടെ ഉൽപാദനം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നീണ്ട വരൾച്ചയും വൈകിയ മഴയും മണ്ണിന്‍റെ ചൂട് വർധിക്കാനും ഇതുമൂലം വിളകൾ ഉണങ്ങാനും കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ പച്ചക്കറി കലവറയായ വട്ടവടയിൽ ഏപ്രിലിൽ ആവശ്യത്തിന് വേനൽ മഴ ലഭിക്കേണ്ടതാണ്. എന്നാൽ, ഇത്തവണ മഴ കിട്ടാത്തതിനാൽ ഓണക്കാലത്തേക്ക് ആവശ്യമായ കൃഷി ഒരുക്കാൻ കഴിഞ്ഞില്ല. ചൂട് കൂടിയത് മൂന്നാറിലടക്കം തേയില ചെടികളെയും സാരമായി ബാധിച്ചുതുടങ്ങി. ജലസ്രോതസുകൾ വറ്റിയതിനാൽ ഏലച്ചെടികൾ നനയ്ക്കാനാവാത്ത സാഹചര്യമുണ്ട്. രണ്ടു മൂന്ന് തവണ വേനൽ മഴ ലഭിച്ചെങ്കിലും മണ്ണിന്‍റെ ഈർപ്പം പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടില്ല.
ഉണങ്ങിയ ഏലത്തട്ടകൾ മുറിച്ചുമാറ്റി, അവശേഷിക്കുന്നവ സംരക്ഷിക്കാനുള്ള പണികളാണ് കർഷകർ ചെയ്യുന്നത്. കാപ്പിക്ക് സ്ഥിരതയുള്ള താപനിലയും സമയബന്ധിതമായ മഴയും ആവശ്യമാണ്. എന്നാൽ, ഉയരുന്ന അന്തരീക്ഷ താപനിലമൂലം മലയോര മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഗുണമേന്മയിൽ മുന്നിട്ട് നിൽക്കുന്ന അറബിക്ക കാപ്പിക്ക് പകരം റോബസ്റ്റ ഇനം കാപ്പിയിലേക്ക് മാറേണ്ടിവരികയാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. കാപ്പി പൂവിടാൻ വേനൽ മഴ വേണം. എന്നാൽ മഴയുടെ ഏറ്റക്കുറച്ചിൽ പൂവിടൽ, കായ് പിടിത്തം എന്നിവയും അതുവഴി വിളവും കുറയാൻ കാരണമാകുന്നു. രാത്രിയിലെ ഉയർന്ന താപനില റബർ പാലിന്‍റെ അളവ് കുറയുകയും മരത്തിന്‍റെ ആരോഗ്യം ക്ഷയിക്കുകയും ചെയ്യാൻ കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.