പെരിങ്ങത്തൂർ (കണ്ണൂർ): പെരിങ്ങത്തൂർ പുഴയിലേക്ക് ബസ് മറിഞ്ഞ് അമ്മയും മകനുമടക്കം മൂന്നുപേർ മരിച്ചു. ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ബംഗളൂരുവിൽനിന്ന് വരുകയായിരുന്ന ലക്ഷ്വറി ബസ് ‘ലാമ’യാണ് പാലത്തിെൻറ കൈവരി തകർത്ത് പുഴയിലേക്ക് മറിഞ്ഞത്.
ബംഗളൂരു സ്ഥിരവാസികളായ മേനപ്രത്തെ പുത്തലത്ത് പ്രേമലത (55), മകൻ പ്രജിത്ത് (32), ബസ് ക്ലീനർ കൂത്തുപറമ്പിലെ ജിത്തു എന്ന ജിതേഷ് (40) എന്നിവരാണ് മരിച്ചത്. ഡ്രൈവർ കൂത്തുപറമ്പ് വേറ്റുമ്മൽ സ്വദേശി ദേവദാസിനെ (46) പരിക്കുകളോടെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെയാണ് സംഭവം. എതിരെവന്ന ബൈക്കിനെ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് കൈവരിയിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഡ്രൈവർ പറഞ്ഞു. ശബ്ദംകേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അഗ്നിശമന സേനയും പൊലീസും വൈകാതെ സ്ഥലത്തെത്തി. പൂർണമായും വെള്ളത്തിൽ മുങ്ങിയ ബസിനുള്ളിൽ കൂടുതൽ യാത്രക്കാരുണ്ടാവുമെന്ന ഭീതിയായിരുന്നു ആദ്യം. നാട്ടുകാർ തോണികളുമായെത്തി ബസിൽനിന്ന് മൂന്നുപേരെയും പുറത്തെടുക്കുേമ്പാഴേക്കും മരിച്ചിരുന്നു.
ലോക്കിങ് ഡോർ സംവിധാനമുള്ള ബസായതിനാൽ അകത്തുള്ളവർക്ക് രക്ഷപ്പെടുക പ്രയാസമായിരുന്നു. വീഴ്ചയിൽ തെറിച്ചുപോയതുകൊണ്ടാണ് ഡ്രൈവർ രക്ഷപ്പെട്ടത്. തലശ്ശേരി-ബംഗളൂരു റൂട്ടിൽ സർവിസ് നടത്തുന്ന ബസ് യാത്രക്കാരെ ഇറക്കിയ ശേഷം ചൊക്ലി പാറാലിൽ പതിവുപോലെ നിർത്തിയിടാൻ വരുകയായിരുന്നു. മേനപ്രത്ത് ഇറങ്ങേണ്ടതുകൊണ്ടാണ് പ്രേമലതയും പ്രജിത്തും ബസിൽ തന്നെ ഇരുന്നത്. വീടെത്താൻ രണ്ട് കിലോമീറ്റർ മാത്രം ശേഷിക്കേയാണ് അപകടം. ആറുമണിക്കൂർ നേരത്തെ കഠിനശ്രമത്തിനൊടുവിലാണ് പുഴയിലെ മണലിൽ കുടുങ്ങിയ ബസ് കരക്കെത്തിച്ചത്. സംഭവമറിഞ്ഞ് പെരിങ്ങത്തൂർ പാലം ജനനിബിഡമായതിനാൽ വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചു. പൊലീസ് ഏറെ ശ്രമിച്ചാണ് ആംബുലൻസടക്കമുള്ളവയെ കടത്തിവിട്ടത്.
തയ്യിൽ ചന്ദ്രെൻറ ഭാര്യയാണ് പ്രേമലത. പ്രജിഷ മറ്റൊരു മകളാണ്. സഹോദരൻ: പ്രേമദാസൻ (ഗുജറാത്ത്). സംസ്കാരം ബുധനാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽപാട്യം കൊങ്ങാറ്റയിൽ കുഞ്ഞിപറമ്പത്ത് പരേതരായ നാണുവിെൻറയും ജാനുവിെൻറയും മകനാണ് ജിതേഷ്. ഭാര്യ: സഹിന. മകൾ: വൈഷ്ണവി, കൃഷ്ണപ്രിയ. സഹോദരങൾ: പ്രേമി, പ്രദീപ് കുമാർ, പ്രസീദ, സന്തോഷ്. മുതദേഹം ബുധനാഴ്ച രാവിലെ ഒമ്പതിന് എ.കെ.ജി പൊതുജന വായനശാലയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കിഴക്കെ കതിരൂർ ചെട്ട്യാംപറമ്പിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.