തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസമാണ് കേസിന്റെ വാദം പൂർത്തിയായത്. നവംബർ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡിസംബർ എട്ടിനാണ് പൊലീസ് കേസെടുത്തത്.
രാജ്യാന്തര ചലച്ചിത്രമേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറിയുടെ ചെയർമാനായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു സംവിധായികയുടെ പരാതി. സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തി നടത്തിയ അതിക്രമം ഗൗരവത്തോടെ കാണണമെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
ലൈംഗിക സ്വഭാവത്തോടെ പരാതിക്കാരിക്ക് നേരെ കുഞ്ഞുമുഹമ്മദ് ബലപ്രയോഗം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. മുറിയിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പൊലീസ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഈ വിവരങ്ങളടങ്ങിയ പൊലീസ് റിപ്പോർട്ടും കേസ് ഡയറിയും പൊലീസ് കോടതിയിൽ ഹാജരാക്കി.
വാദം നടക്കുന്നതിനിടെ പരാതി വന്നത് വൈകിയാണെന്ന് പി.ടി കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. നവംബര്‍ ആറിന് നടന്ന സംഭവത്തില്‍ നവംബര്‍ 27നാണ് പരാതി നൽകിയത്. ഇതിൽ ദുരൂഹതയുണ്ട് എന്നായിരുന്നു വാദം. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനാലാണ് പരാതിയിൽ കാലതാമസം വന്നതെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
കഴിഞ്ഞ ദിവസം കേസിൽ വാദം പൂർത്തിയായിരുന്നു. ഐ.എഫ്.എഫ്.കെയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.