സ്വര്‍ണക്കടത്ത്: വിമാനത്താവള സീനിയര്‍ സൂപ്രണ്ടടക്കം അഞ്ചുപേര്‍ക്കെതിരെ കുറ്റപത്രം

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം വഴി അഞ്ചരക്കോടിയുടെ സ്വര്‍ണം കടത്തിയ കേസില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സീനിയര്‍ സൂപ്രണ്ടടക്കം അഞ്ചുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹൗസ് കീപ്പിങ് വിഭാഗം സീനിയര്‍ സൂപ്രണ്ടായിരുന്ന പാലക്കാട് സ്വദേശി കെ.പി. പ്രകാശന്‍, വിമാനത്താവളത്തില്‍ ശുചീകരണ വിഭാഗത്തിന്‍െറ കരാര്‍ ഏറ്റെടുത്ത അപ്ഷോട്ട് യൂട്ടിലിറ്റി സര്‍വിസസിന്‍െറ ബ്രാഞ്ച് മാനേജര്‍ തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി മനോജ്, സ്വര്‍ണക്കടത്ത് ഇടപാടുകാരനായ കാസര്‍കോട് കട്ലു സ്വദേശി നൗഷാദ്, സ്വര്‍ണം കടത്തിക്കൊണ്ടുവന്ന തിരുവനന്തപുരം പട്ടം സ്വദേശിനി സുഷ സുധാകര്‍, കാസര്‍കോട് സ്വദേശിനി മിസ്രിയ മുനീര്‍ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2014 ഡിസംബറില്‍ 10 കിലോ സ്വര്‍ണം കടത്തിക്കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനും വിമാനത്താവള ജീവനകാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കണ്ടത്തെിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഹാളിലെ വനിതകളുടെ ശൗചാലയത്തിന് സമീപമുള്ള അഴുക്കുചാലിനകത്താണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചനിലയില്‍ കണ്ടത്തെിയത്. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലത്തെിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് അധികൃതര്‍ സുഷയെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നൗഷാദിനെയും അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് കരിപ്പൂരിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയുടെ ചുരുളഴിഞ്ഞത്. സ്വര്‍ണം പിടികൂടുന്നതിന് നാലുദിവസം മുമ്പ് സുഷ തിരുവനന്തപുരം വിമാനത്താവളം വഴി ദുബൈയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് എമിറേറ്റ്സ് വിമാനത്താവളത്തില്‍ കരിപ്പൂരില്‍ തിരിച്ചിറങ്ങിയ യുവതി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കടത്തിക്കൊണ്ടുവന്ന സ്വര്‍ണക്കട്ടികള്‍ ഇന്‍സുലേഷന്‍ ടേപ്പില്‍ പൊതിഞ്ഞ് അഴുക്കുചാലില്‍ സൂക്ഷിക്കുകയായിരുന്നു. കൂടുതല്‍ ചോദ്യംചെയ്യിലില്‍ കെ.പി. പ്രകാശിന്‍െറയും മനോജിന്‍െറയും സ്വര്‍ണക്കടത്തിലെ പങ്ക് വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.
 2014 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 22 കിലോ സ്വര്‍ണം കടത്തിയതായാണ് സി.ബി.ഐ കണ്ടത്തെിയത്. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കള്ളക്കടത്ത് സുഗമമാക്കാന്‍ നൗഷാദാണ്  പ്രകാശനും മനോജിനും പണം നല്‍കിയിരുന്നത്. 58 സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് സി.ബി.ഐ ഇന്‍സ്പെക്ടര്‍ എ. ബിജുവിന്‍െറ നേതൃത്വത്തിലെ സംഘം കുറ്റപത്രം നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.