വനിത സംവരണ നിയമം; ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം അനുവദിക്കുന്ന നിയമം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. കോൺഗ്രസ് നേതാവ് ജയ താക്കൂർ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ജസ്റ്റിസുമാരായ നാഗരത്നയും ആർ. മഹാദേവനും അടങ്ങിയ ബെഞ്ച് പ്രതികരണം തേടി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. മണ്ഡല പുനർനിർണയത്തിന് കാത്തുനിൽക്കാതെ നിയമം നടപ്പാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

48 ശതമാനത്തോളം വരുന്ന സ്ത്രീകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമെന്നും ഇതവരുടെ രാഷ്‍ട്രീയ സമത്വത്തിന്‍റെ വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും വനിതകൾ പ്രാതിനിധ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്ന് ജയ താക്കൂറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ശോഭ ഗുപ്‍ത പറഞ്ഞു. സംവരണം നടപ്പാക്കാനുള്ള ഉപാധിയായി സെൻസസ് നടത്തി മണ്ഡല പുനർനിർണയം നടത്തണമെന്നതാണ് നിയമത്തിലെ വ്യവസ്ഥ. പുനർനിർണയം എന്ന് നടക്കുമെന്ന് ആരാഞ്ഞ കോടതി, നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ടെന്ന് ഓർമിപ്പിച്ചു.

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ചേർന്ന് പാസാക്കിയ നാരി ശക്തി വന്ദൻ അതിനിയമത്തിന് 2023 സെപ്റ്റംബർ 28ന് രാഷ്‍ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലുമുള്ള ആകെ സീറ്റുകളിൽ മൂന്നിലൊരു ഭാഗം വനിതകൾക്കായി സംവരണം ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്. മധ്യപ്രദേശ് കോൺഗ്രസിന്‍റെ വനിത വിഭാഗം ജനറൽ സെക്രട്ടറിയാണ് ഹരജിക്കാരിയായ ജയ താക്കൂർ. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഈ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2023ൽ അവർ ഹരജി ഫയൽ ചെയ്തിരുന്നെങ്കിലും സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല.

Tags:    
News Summary - Women's Reservation Act; Notice to the Center on the petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.