ഹൃദയാഘാതമെന്ന് വി​ശ്വസിപ്പിച്ചു; യുവാവി​ന് ഭക്ഷണത്തിൽ വിഷം നൽകി, കൊലപ്പെടുത്തിയത് കഴുത്തിൽ ദുപ്പട്ട വരിഞ്ഞ്, ഭാര്യ പിടിയിൽ, കാമുകനായി വലവിരിച്ച് പൊലീസ്

വഡോദര: ഹൃദയാഘാതമുണ്ടായി മരിച്ചതെന്ന് കരുതി സംസ്കരിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഭാര്യയും കാമുകനും ചേർന്ന് ഭക്ഷണത്തിൽ വിഷപദാർഥം കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്തിൽ ദുപ്പട്ട വരിഞ്ഞ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ യുവതി അറസ്റ്റിലായതിന് പിന്നാലെ, ഒളിവിൽ പോയ കാമുകനും കൂട്ടാളികൾക്കുമായി അന്വേഷണം ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു.

വഡോദരയിലെ തണ്ടൽജയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മനസാക്ഷി മരവിപ്പിക്കുന്ന കൊലപാതകം അ​രങ്ങേറിയത്. ഇർഷാദ് ബഞ്ചാര (32) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിന് ഹൃദയാഘാതമുണ്ടായതായാണ് ഭാര്യയായ ഗുൽബാനു ബന്ധുക്കളോടടക്കം പറഞ്ഞത്. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കളിൽ ചിലർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം പുറത്തുവന്നത്. ഗുൽബാനുവും കാമുകനായ തൗസീഫും മാമ എന്നറിയപ്പെടുന്ന കൂട്ടാളിയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. പിന്നാലെ പൊലീസ് ഗുൽബാനുവി​നെ അറസ്റ്റ് ചെയ്തു. ഇതിനിടെ തൗസീഫും മാമയും ഒളിവിൽ പോയി.

സംഭവത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെ:

കൊലപാതകം നടന്ന നവംബർ 18 രാത്രിയിൽ വീട്ടിലെത്തിയ ഇർഷാദിന് ഗുൽബാനു വിഷ വസ്തു നൽകി ബോധരഹിതനാക്കി. പിന്നാലെ വീട്ടിലെത്തിയ തൗസീഫും മാമയും ചേർന്ന് ഗുൽബാനുവിന്റെ ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു.

നവംബർ 18ന് പുലർച്ചെ മൂന്നോടെ ഇർഷാദിന്റെ കുടുംബാംഗങ്ങ​ളെ വിളിച്ച ഗുൽബാനു ഭർത്താവി​ന് ശാരീരികാസ്വാസ്ഥ്യമനുഭവപ്പെടുന്നതായി അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ ​ഇർഷാദിന് അസ്വസ്ഥത കുറവുണ്ടെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിറ്റേന്ന് രാവിലെ, ഇർഷാദിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രാത്രി വൈകിയും ഫോണിൽ ​സമയം ചെലവഴിക്കുന്ന സ്വഭാവം ഇർഷാദിനുണ്ടെന്നും ഇതിനിടെ ഹൃദയാഘാതമുണ്ടായതാവാമെന്നും ഗുൽബാനു പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. അതേദിവസം തന്നെ സംസ്കാരം നടന്നു. എങ്കിലും, ചടങ്ങുകൾക്കിടെയും പിന്നാലെയും ഗുൽബാനു തുടർച്ചയായി ഫോൺ വിളിക്കുന്നത് ശ്രദ്ധയിൽ പെട്ട കുടുംബാംഗങ്ങൾ ഫോൺ പരിശോധിക്കുകയായിരുന്നു. തുടർന്ന്, ഫോൺ പരിശോധിച്ച ബന്ധുക്കൾ ഗുൽബാനു ദീർഘനേരം ഒരു പ്രത്യേക നമ്പറുമായി സംസാരിച്ചിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ഇതേക്കുറിച്ച് ആരാഞ്ഞപ്പോൾ യുവതിയുടെ മറുപടി ബന്ധുക്കളുടെ സംശയത്തിന് ആക്കം കൂട്ടി. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് ഞായറാഴ്ച മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇർഷാദിന്റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. യുവതിക്കും കാമുകനും കൂട്ടാളിക്കുമെതിരെ കൊലപാതക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഗുൽബാനുവും ഇർഷാദും ആറ് വർഷം മുന്നെയാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് മൂന്ന് മക്കളുണ്ട്. ചോദ്യം ചെയ്യലിൽ തന്റെ ജന്മ നാട്ടിലുളള തയ്യൽ​ക്കാരനായ തൗസീഫുമായി ഒരുവർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് ഗുൽബാനു മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ആദ്യം ഒളിച്ചോടാൻ തീരുമാനിച്ചെങ്കിലും പിന്നീട് പദ്ധതി മാറ്റി ഇർഷാദിനെ ​കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

തൗസീഫും മാമയും മു​ബൈയിലേക്ക് കടന്നതായാണ് പൊലീസ് നിഗമനം. ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.സി.പി (സോൺ-2) മഞ്ജിത വൻസാര പറഞ്ഞു. 

Tags:    
News Summary - Woman held for husbands staged murder; food spiked, dupatta used to strangle, lover on run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.