എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്ന് ബി.ജെ.പിയും ആർ.എസ്.എസ്സുമാണോ തീരുമാനിക്കേണ്ടത് -നവാബ് മാലിക്

മുംബൈ: കർണാടകയിൽ ഹിജാബിനെതിരെ ഹിന്ദുത്വ ശക്തികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിൽ ബി.ജെ.പിയെയും ആർ.എസ്.എസിനെയും കടന്നാക്രമിച്ച് മഹാരാഷ്ട്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. രാജ്യത്ത് ജനങ്ങൾ എന്ത് കഴിക്കണമെന്നും ധരിക്കണമെന്നും ബി.ജെ.പിയും ആർ.എസ്.എസുമാണോ തീരുമാനിക്കേണ്ടതെന്ന് നവാബ് മാലിക് ചോദിച്ചു. ഇത്തരം കാര്യങ്ങളിൽ ഭരണകൂടം ഇടപെടുന്നതിലൂടെ പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം പെൺകുട്ടികൾ ഹൈസ്കൂളിലും കോളജിലും പോയി പഠിക്കുന്നത് പ്രശ്നമാണോയെന്നും പെൺകുട്ടികളെ പഠിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് ഇപ്പോൾ എന്തു സംഭവിച്ചെന്നും നവാബ് മാലിക് ചോദ്യമുന്നയിച്ചു.

കർണാടകയിൽ ഹിജാബിനെതിരെ തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ബംഗളൂരുവിലെ സ്കൂളുകൾക്കും കോളജുകൾക്കും സമീപം കൂട്ടംകൂടുന്നതിനും പ്രതിഷേധിക്കുന്നതിനും രണ്ടാഴ്ചത്തേക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒമ്പത് മുതൽ 22 വരെയായിരിക്കും നിയന്ത്രണം.

അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂനിവേഴ്‌സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജി ഇന്ന് കർണാടക ഹൈകോടതി വിശാല ബെഞ്ചിന് വിട്ടു.

Tags:    
News Summary - Will BJP and RSS decide what to eat and wear in the country, asks Maharashtra Minister Nawab Malik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.