ദാവൂദ് ഇബ്രാഹിമിന് അഭയം നൽകി; 36 ക്രിമിനൽ കേസുകളിലെ പ്രതി, കൊലപാതകി...എന്നിട്ടും ​ബ്രിജ്ഭൂഷൺ ബി.ജെ.പിയിൽ അജയ്യനായി തുടരുന്നതെങ്ങനെ?

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബി.ജെ.പി എം.പി ​ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് കുമാർ സിങ് ദേശീയ റെസ്‍ലിങ് ഫെഡറേഷൻ ​പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഗുസ്തിതാരങ്ങളുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധമെന്ന നിലയിൽ തന്റെ പദ്മശ്രീ പുരസ്കാരം ഒളിമ്പിക് മെഡൽ ജേതാവ് ബജ്റംഗ് പൂനിയ തിരികെ നൽകിയിരുന്നു. സഞ്ജയ് കുമാർ സിങ് തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

വാർത്തസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കൊണ്ട് സാക്ഷി തന്റെ ബൂട്ടുകളും ഉപേക്ഷിച്ചു. എത്രയേറെ പ്രതിഷേധങ്ങൾ നടന്നിട്ടും ബ്രിജ്ഭൂഷണ് എതിരെ ചെറുവിരൽ പോലും അനക്കാൻ ബി.ജെ.പി തയാറായിട്ടില്ല. അയാൾ അത്രത്തോളം ബി.ജെ.പിയുടെ അവിഭാജ്യ ഘടകമാണോ എന്നാണ് ചോദ്യം ഉയരുന്നത്. അത്രത്തോളം ആഴത്തിലുള്ള സ്വാധീനം ബ്രിജ്ഭൂഷണ് പാർട്ടിയിൽ ഉണ്ട്. യു.പിയിലെ ആറ് ലോക്സഭ മണ്ഡലങ്ങളിൽ ബ്രിജ്ഭൂഷണ് വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, ബ്രിജ്ഭൂഷണെ പടിക്കു പുറത്താക്കിയാൽ അത് എത്രത്തോളം ബാധിക്കുമെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. സന്യാസിമാരുമായുള്ള ശക്തമായ ബന്ധവും അയോധ്യ ക്ഷേത്ര പ്രസ്ഥാനത്തിലെ പങ്കും ബ്രിജ്ഭൂഷനെ ബി.ജെ.പിയിലെ മറ്റ് പല എം.പിമാരേക്കാളും ശക്തനാക്കി.

കിഴക്കൻ യു.പിയിൽ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ബ്രിജ്ഭൂഷൺ നടത്തുന്നുണ്ട്. ഇതെല്ലാം വോട്ട്ബാങ്കിലേക്കുള്ള നിക്ഷേപം കൂടിയാണ്. ആറു തവണയാണ് ബ്രിജ്ഭൂഷൺ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലൈംഗികാതിക്രമ ആരോപണം ഉയർന്നിട്ടും പാർട്ടി സീറ്റ്നൽകിയാൽ വീണ്ടും മത്സരിക്കുമെന്നായിരുന്നു ബ്രിജ്ഭൂഷന്റെ പ്രഖ്യാപനം. വിജയിക്കുമെന്ന് അയാൾക്ക് അത്ര കണ്ട് ഉറപ്പുണ്ട്.

2011 ൽ ഡബ്ല്യു.എഫ്‌.ഐയുടെ പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് വളരെ മുമ്പുതന്നെ ബ്രിജ് ഭൂഷൺ ശരൺ സിംഗ് പേരുകേട്ട തന്ത്രശാലിയായിരുന്നു. അയോധ്യാ പ്രസ്ഥാനത്തിലെ പ്രധാന ചുമതല വഹിക്കുന്ന ഒരാളെന്ന നിലയിൽ, അക്കാലത്ത് ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ ഒറ്റയാൾ പട്ടാളമായാണ് ബ്രിജ്ഭൂഷൺ അറിയപ്പെട്ടിരുന്നത്. അന്ന് രാഷ്ട്രീയത്തിൽ അത്രകണ്ട് സജീവമായിരുന്നില്ല. 1957 ൽ ഗോണ്ടയിൽ ജനിച്ച ബ്രിജ്ഭൂഷൺ വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചത്. 70കളിലായിരുന്നു അത്.

1991ൽ തന്റെ ആദ്യ തെരഞ്ഞെടുപ്പിൽ ഗോണ്ടയിൽനിന്നാണ് ബ്രിജ്ഭൂഷൺ ജയിച്ചുകയറിയത്. തൊട്ടടുത്ത വർഷം ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതി​യായി. എന്നാൽ 2020 ൽ കുറ്റവിമുക്തരാക്കപ്പെട്ടവരുടെ കൂട്ടത്തിൽ ബ്രിജ്ഭൂഷണുമുണ്ടായിരുന്നു. അയോധ്യ ക്ഷേത്രം നിർമിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതിനാൽ ലൈംഗികാരോപണം ഉയർന്ന വേളയിൽ പോലും സന്യാസിമാർ ബ്രിജ്ഭൂഷണ് പിന്തുണ നൽകി. എൽ.കെ അദ്വാനിയുടെ രഥയാത്രയാണ് ബ്രിജ്ഭൂഷണെ ബി.ജെ.പിക്കുള്ളിൽ പ്രശസ്തനാക്കിയത്.

ഗോണ്ട, ബൽറാംപൂർ, കൈസർഗഞ്ച് മണ്ഡലങ്ങളിൽ നിന്നാണ് ബ്രിജ്ഭൂഷൺ ആറുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് ഡസനിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ബ്രിജ്ഭൂഷൺ ഒരുകാലത്ത്. പ്രധാനമായും കിഴക്കൻ ഉത്തർപ്രദേശിലും രജപുത്രർക്കിടയിലും ബ്രിജ് ഭൂഷനുള്ള സ്വാധീനം കാരണം ബി.ജെ.പി എല്ലായ്‌പോഴും മതിയായ രാഷ്ട്രീയ സംരക്ഷണം നൽകി.

1996ൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിന് അഭയം നൽകിയതുമായി ബന്ധപ്പെട്ട് ടാഡ ചുമത്തി ജയിലിലടച്ചു. ഈ സമയത്ത് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ സവർകറെ ഓർക്കണമെന്നും ധൈര്യം കൈവെടിയരുതെന്നും പറഞ്ഞ് അടൽ ബിഹാരി വാജ്പേയി ബ്രിജ്ഭൂഷണ് കത്തെഴുതി. പിന്നീട് തെളിവുകളുടെ അഭാവത്തിൽ ബ്രിജ്ഭൂഷണെ കുറ്റവിമുക്തനാക്കി. ജയിലിലായ സമയത്ത് ബ്രിജ്ഭൂഷന്റെ ഭാര്യ കേതകി സിങ്ങിനെ ബി.ജെ.പി രാഷ്ട്രീയഗോദയിലിറക്കി. നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അവർ വിജയിക്കുകയും ചെയ്തു. 2022ൽ ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ താനൊരാളെ വെടിവെച്ചു കൊന്ന കാര്യവും ബ്രിജ്ഭൂഷൺ വെളിപ്പെടുത്തി. 2009ൽ ​ബി.ജെ.പി വിട്ട് സമാജ്‍വാദിയിൽ ചേർന്നു. എങ്കിലും ഉടൻ തന്നെ ബി.ജെ.പിയിലേക്ക് തന്നെ മടങ്ങി. ബി.ജെ.പിയിൽ വേരുറപ്പിച്ചതോടെ ബ്രിജ്ഭൂഷന്റെ ബിസിനസും പന്തലിച്ചു. 50 സ്കൂളുകൾ സ്വന്തമായുള്ള ഇയാൾക്ക് ഖനനം, മദ്യ വ്യവസായം, കൽക്കരി, റിയൽ എസ്റ്റേറ്റ് ഇടപാടുകളുമുണ്ട്. എല്ലാവർഷവും തന്റെ ജൻമദിനത്തിൽ വിദ്യാർഥികൾക്ക് സ്കൂട്ടറുകളും പണവും സമ്മാനമായി നൽകുന്ന പതിവുണ്ട്. വോട്ട്ബാങ്ക് നിലനിർത്തുന്നത് ഇങ്ങനെയൊക്കെയാണ്.

എന്തൊക്കെ ആരോപണങ്ങൾ ഉയർന്നാലും യോഗി സർക്കാർ ബ്രിജ്ഭൂഷണെതിരെ ചെറുവിരൽ പോലും അനക്കില്ല. അത് പാർട്ടിയിൽ അയാളെ കൂടുതൽ കരുത്തനാക്കി മാറ്റി. മുഖ്യധാര രംഗത്ത് സജീവമല്ലെങ്കിലും പാർട്ടിയിൽ ആരും തന്നെ ചോദ്യം ചെയ്യാനില്ല എന്നതാണ് ബ്രിജ്ഭൂഷന്റെ ബലം. മാധ്യമപ്രവർത്തകരെ എപ്പോഴും കൈയകലത്തിൽ നിർത്തുന്ന ഈ തന്ത്രശാലിക്ക് മുന്നിൽ പൊലീസും ഓച്ഛാനിച്ചു നിൽക്കും.

Tags:    
News Summary - What makes Brij Bhushan Sharan Singh invincible in BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.