സുധാകര വാശിയിൽ തട്ടി കോൺഗ്രസ് പട്ടിക നീളുന്നു, വീണ്ടും യോഗം

ന്യൂഡല്‍ഹി: മെരുങ്ങാതെനിൽക്കുന്ന കെ. സുധാകരനടക്കമുള്ള മുതിർന്ന നേതാക്കളുടെ പിടിവാശിയിൽ, നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക നീളുന്നു. ഇതോടെ പാർട്ടിയുടെ രണ്ടാംഘട്ട പട്ടിക ബുധനാഴ്ച വൈകീട്ടു വരെ പ്രഖ്യാപിക്കാനായില്ല. ഡൽഹിയിൽ തെരഞ്ഞെടുപ്പ് സമിതി വീണ്ടും ചേരുകയാണ്.

ഇതിനിടെ, യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോൾ കോൺഗ്രസിന് ഇക്കുറി രണ്ട് സീറ്റുകൾ കൂടുതലാണ്. കോൺഗ്രസ് 95ഉം മുസ്‍ലിം ലീഗ് 27ഉം കേരള കോണ്‍ഗ്രസ് എട്ടും സീറ്റുകളിൽ മത്സരിക്കാൻ അന്തിമ തീരുമാനമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോടു പറഞ്ഞു. കേരള കോൺഗ്രസ് ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു തവണത്തേക്ക് കോണ്‍ഗ്രസിന് വിട്ടുനല്‍കിയതുകൊണ്ടാണ് പാർട്ടിക്ക് രണ്ട് സീറ്റുകൾ കൂടുതൽ ലഭിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു.

തൃക്കരിപ്പൂര്‍ സീറ്റ് കോൺഗ്രസ് കാഞ്ഞങ്ങാടുമായി വെച്ചുമാറി. മട്ടന്നൂരിന് പകരം പയ്യന്നൂർ വാങ്ങിയ ആർ.എസ്.പി സ്ഥാനാർഥിയെ നിര്‍ത്തുന്നില്ലെന്നും വി. കുഞ്ഞികൃഷ്ണനെ പിന്തുണക്കുകയാണെന്നും ചില മണ്ഡലങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ കാരണമാണ് പ്രഖ്യാപനം വൈകിയതെന്നും സതീശൻ തുടർന്നു.

കോൺഗ്രസ് മത്സരിക്കുന്ന 95 ൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച രാത്രി വൈകിയും യോഗം തുടരുകയാണ്. കെ. സുധാകരൻ മത്സരിക്കുമെന്ന് വാശിപിടിക്കുന്ന കണ്ണൂർ കേന്ദ്ര നേതൃത്വത്തിന് വിട്ട് ബാക്കി സ്ഥാനാർഥികളെ മധുസൂദനൻ മിസ്‍ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റി യോഗം ധാരണയിലെത്തിയെന്നാണ് നേതാക്കൾ പറഞ്ഞത്.

Tags:    
News Summary - Congress candidate list not pulished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.