ബംഗളൂരു: റീൽസിനുവേണ്ടി സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ അയക്കാൻ ശ്രമിച്ച യുവതിയും കുടുംബവും ബംഗളൂരുവിൽ പിടിയിലായി. യുവതിക്കൊപ്പം ഭർത്താവും ഭർതൃമാതാവും ഭർത്താവിന്റെ സഹോദരനും ചേർന്നാണ് വയോധികനെ ചാക്കിലാക്കി കൊറിയർ സ്ഥാപനത്തിൽ എത്തിച്ചത്. സംശയം തോന്നിയ ജീവനക്കാർ ചാക്ക് പരിശോധിച്ചതോടെയാണ് വയോധികനെ കണ്ടെത്തിയത്.
റംസാൻ, ഉഗാഡി ആഘോഷങ്ങൾ പ്രമാണിച്ചു നാട്ടിലേക്ക് പോകാൻ യാത്രാ ടിക്കറ്റുകൾ ലഭിക്കാത്തതിനാൽ പിതാവിനെ കൊറിയർ അയക്കുന്നു എന്ന രീതിയിലുള്ള തമാശ വീഡിയോ ചിത്രീകരിക്കാനായിരുന്നു ഇവരുടെ നീക്കം. വലിയൊരു പാക്കേജുമായി എത്തിയ കുടുംബത്തോട് ഉള്ളടക്കത്തെക്കുറിച്ച് ജീവനക്കാർ ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്ന് ജീവനക്കാർ കെട്ടഴിച്ചു നോക്കിയപ്പോഴാണ് ഉള്ളിൽ മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞത്.
ചാക്കിനുള്ളിൽ നിന്നും പിതാവ് പുറത്തുവന്നതോടെ ഇത് വെറുമൊരു റീൽ വീഡിയോയ്ക്ക് വേണ്ടിയുള്ള നാടകമാണെന്ന് യുവതി വിശദീകരിച്ചു. വീഡിയോ എടുക്കാൻ വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്ന് കുടുംബം പറഞ്ഞു. എന്നാൽ വയോധികന്റെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.