വിക്രം കെ. ദുരൈസ്വാമി

ചൈനയിലെ ഇന്ത്യൻ അംബാസഡറായി വിക്രം കെ. ദുരൈസ്വാമിയെ നിയമിച്ചു

ന്യൂഡൽഹി: ചൈനയിലെ പുതിയ ഇന്ത്യൻ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ വിക്രം കെ. ദുരൈസ്വാമിയെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയമാണ് വ്യാഴാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിലവിൽ യു.കെയിലെ ഇന്ത്യൻ ഹൈകമീഷണറായി സേവനമനുഷ്ഠിക്കുകയാണ് ദുരൈസ്വാമി.

കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കത്തെത്തുടർന്ന് ഇന്ത്യ-ചൈന ബന്ധം വഷളായ പശ്ചാത്തലത്തിൽ, നയതന്ത്ര ചർച്ചകളിലൂടെ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഈ സുപ്രധാന നിയമനം. സ്ഥാനമൊഴിയുന്ന പ്രദീപ് കുമാർ റാവത്തിന് ശേഷം ഉടൻതന്നെ ദൊരൈസ്വാമി ബീജിങ്ങിൽ ചുമതലയേൽക്കും.

1992 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് ചൈനയുടെ രാഷ്ട്രീയ നയതന്ത്ര കാര്യങ്ങളിൽ മികച്ച പ്രാവീണ്യമുണ്ട്. ഹോങ്കോങ്, ന്യൂയോർക്ക്, ജൊഹാനസ്ബർഗ് എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും ഉസ്ബെക്കിസ്താൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ അംബാസഡറായും പ്രവർത്തിച്ചിട്ടുണ്ട്. ലണ്ടനിലെ ചുമതലക്കുമുമ്പ് ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമീഷണറായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിൽ പ്രൈവറ്റ് സെക്രട്ടറിയായും വിദേശകാര്യ മന്ത്രാലയത്തിൽ സാർക്ക്, ഇൻഡോ-പസഫിക് ഡിവിഷനുകളുടെ തലവനായും മികവ് തെളിയിച്ചിട്ടുണ്ട്.

ഡൽഹി സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ദുരൈസ്വാമി, ഹോങ്കോങ് ചൈനീസ് സർവകലാശാലയിൽ നിന്ന് ചൈനീസ് ഭാഷയിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. 

Tags:    
News Summary - Vikram K. Duraiswamy appointed as Indian Ambassador to China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.