ന്യൂഡൽഹി: ആൻട്രിക്സ്-ദേവാസ് അഴിമതി കേസിൽ സി.ബി.ഐ 2016ൽ സമർപ്പിച്ച കുറ്റപത്രം, അധികാര പരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി കോടതി തിരിച്ചയച്ചു. കേസിലെ പ്രതികളിൽ ഒരാളായ മുൻ ഐ.എസ്.ആർ.ഒ അഡീഷനൽ സെക്രട്ടറി വീണ ശ്രീറാം റാവു സമർപ്പിച്ച ഹരജിയിലാണ് സ്പെഷൽ സി.ബി.ഐ ജഡ്ജി അതുൽ കൃഷ്ണ അഗർവാളിന്റെ ഉത്തരവ്. അധികാര പരിധിയിൽ വരുന്ന കോടതിയിലേക്ക് കേസ് മാറ്റണമെന്നായിരുന്നു വീണ റാവുവിന്റെ ആവശ്യം. ആരോപിക്കപ്പെടുന്ന ഗൂഢാലോചനയും അഴിമതി നിരോധന നിയമത്തിന് കീഴിലെ കുറ്റകൃത്യങ്ങളും നടന്നത് ബംഗളൂരുവിലാണെന്ന അവരുടെ വാദം കോടതി അംഗീകരിച്ചു. സി.ബി.ഐക്ക് കുറ്റപത്രവുമായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ് കോർപറേഷൻ ലിമിറ്റഡും ദേവാസ് മൾട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡും തമ്മിലെ 2005ലെ കരാറാണ് കേസിന് ആധാരം. രണ്ട് ഉപഗ്രഹങ്ങൾ നിർമിച്ച്, വിക്ഷേപിച്ച്, പ്രവർത്തിപ്പിച്ച് അവയിലൂടെ ദേവാസിന് മൾട്ടിമീഡിയ സേവനങ്ങൾക്കായി സ്പെക്ട്രം ശേഷി പാട്ടത്തിന് നൽകാനായിരുന്നു കരാർ. എന്നാൽ, തുച്ഛമായ നിരക്കിലാണ് പാട്ടം നൽകിയതെന്ന ആരോപണം ഉയർന്നതോടെ കരാർ വിവാദത്തിൽപെടുകയായിരുന്നു. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥർ ദേവാസുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രധാന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.