യോഗിയുടെ ബുൾഡോസർ രാജ് കോൺഗ്രസിലൂടെ കർണാടകയിലെത്തി നിൽക്കുന്നു -വി.കെ. സനോജ്

കോഴിക്കോട്: കർണാടകയിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ 300 വീടുകൾ തകർത്ത് 3000ത്തോളം പേരെ തെരുവിലേക്കിറക്കിവിട്ട നടപടിക്കെതിരെ വിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. യോഗിയുടെ ബുൾഡോസർ രാജ് കോൺഗ്രസിലൂടെ കർണ്ണാടകയിലെത്തി നിൽക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോർപറേറ്റ് മാഫിയകൾക്ക് വേണ്ടി ആയിരക്കണക്കിന് പാവപ്പെട്ട ജനതയെ തെരുവിലിറക്കാൻ യു.പിയിലെ യോഗിക്കും കർണാടകയിലെ സിദ്ധുവിനും ഡി.കെക്കുമൊക്കെ ഒരേ ആവേശമാണെന്നും ഇവിടെ ഇരയാക്കപ്പെടുന്നവരിൽ ഭൂരിപക്ഷം പാവപ്പെട്ട മുസ്‌ലിം ജനതയാണെന്നും സനോജ് പറയുന്നു.

‘സിദ്ധരാമയ്യയ സർക്കാരിന്റെ പൊലീസ് മൂന്ന് പതിറ്റാണ്ടിലേറെ അവിടെ താമസിച്ചുവരുന്ന മൂവായിരത്തിലധികം മനുഷ്യരെ ഒരു മുന്നറിയിപ്പുമില്ലാതെ, പുലർച്ചെ തെരുവിലേക്ക് തള്ളി വിട്ടു, അവരുടെ കൂരകൾ ബുൾഡോസർ വച്ച് പൊളിച്ചടുക്കി. കോൺഗ്രസുകാരും ലിബറലുകളും നിരന്തരം പാടുന്ന രാഹുൽ ഗാന്ധിയുടെ ‘സ്നേഹത്തിന്റെ കട’ ഇങ്ങനെയൊക്കെയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. കർണ്ണാടക നിയമ സഭക്കകത്ത് ആർ.എസ്‌.എസിന്റെ ഗണഗീതം പാടിയ ഡി.കെ ശിവകുമാറാണ് കർണ്ണാടക കോൺഗ്രസ് അധ്യക്ഷനും ബാഗ്ലൂർ വികസന അതോറിറ്റിയുടെ ചുമതലക്കാരനും.’

‘അടിയന്തരാവസ്ഥ കാലത്ത് ഡൽഹിയിലെ ചേരികളിൽ താമസിക്കുന്ന ദരിദ്ര മനുഷ്യർ ദില്ലിയുടെ സൗന്ദര്യം നശിപ്പിക്കുന്നു എന്ന് തോന്നിയപ്പോൾ ഇന്ദിരാ മകൻ സഞ്ജയ്‌ ഇതുപോലെ ആയിരക്കണക്കിന് മനുഷ്യരുടെ കൂരകൾ ഇല്ലാതാക്കി അപ്പാവികളായ മനുഷ്യരെ ആട്ടിയോടിച്ചത് അടിയന്തരാവസ്ഥ ചരിത്രത്തിന്റെ കറുത്ത അധ്യായങ്ങളിലുണ്ട്. അത് സഞ്ജയ്‌ ഗാന്ധിയിലൊതുങ്ങുന്നതല്ലെന്ന് കോൺഗ്രസ് പലവട്ടം പിന്നീടും തെളിയിച്ചിട്ടുണ്ട്.’ കേരളം അതി ദാരിദ്ര മുക്തമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിനെ പരിഹസിച്ചു നടന്ന കോൺഗ്രസുകാരുടെ സ്വന്തം സർക്കാരാണ് പാവപ്പെട്ട മൂവായിരത്തോളം മുസ്‌ലിം ജനതയെ ദയയില്ലാതെ തെരുവിലിറക്കി വിട്ടത് എന്നോർക്കണമെന്നും സനോജ് കുറ്റപ്പെടുത്തുന്നു.

അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയാണ് (ജി.ബി.എ) യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും 300ലേറെ വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ഖരമാലിന്യ സംസ്കരണത്തിനുള്ള ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എൽ) ഉദ്യോഗസ്ഥരും പൊലീസും മാർഷലുകളും ചേർന്ന് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് വീടുകൾ പൊളിച്ചുമാറ്റുകയായിരുന്നു. പുലർച്ച നാലരയോടെ ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു പൊളിക്കൽ. 3000ത്തോളം ആളുകളാണ് ഭവനരഹിതരായിരിക്കുന്നത്. 

Tags:    
News Summary - vk sanoj FB post about karnataka bulldozer raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.