‘ജെ.എൻ.യുവിലെ വിജയം പിന്നാക്ക കൂട്ടായ്മയുടേത്, ബി.ജെ.പിക്കെതിരെ വോട്ടുചെയ്യാൻ യുവാക്കൾക്ക് പ്രേരണയാവണം’ -അഖിലേഷ് യാദവ്

ഡൽഹി: ജവർലാൽ നെഹ്‌റു യൂനിവേഴ്സിറ്റി സ്റ്റുഡന്റ് യൂനിയൻ പ്രസിഡന്റായി ഒരു ദലിത് യുവാവ് തെരഞ്ഞെടുക്കപ്പെട്ടത്, പിന്നോക്ക വിഭാഗങ്ങളുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും കൂട്ടായ വിജയമാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ജെ.എൻ.യു സ്റ്റുഡന്റ് യൂനിയൻ തെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട എല്ലാ സീറ്റുകളും ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയെ പരാജയപ്പെടുത്തി ഇടത് സഖ്യം വിജയം നേടിയതിനുപിന്നാലെയായിരുന്നു സമൂഹ മാധ്യമമായ ‘എക്‌സി’ൽ അഖിലേഷ് യാദവിന്റെ കുറിപ്പ്.

പി.ഡി.എ എന്ന ചുരുക്കപ്പേരാണ് അഖിലേഷ് യാദവ് ഇവർക്ക് നൽകിയത്. ‘പിച്ച്ഡെ’ (പിന്നാക്ക വിഭാഗങ്ങൾ), ദളിതർ, ന്യുനപക്ഷങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയാണ് അഖിലേഷ് പി.ഡി.എ എന്ന് സൂചിപ്പിച്ചത്.

തൊഴിലില്ലായ്മ, അഴിമതി, ചെലവേറിയ വിദ്യാഭ്യാസ രീതി, വിലക്കയറ്റം എന്നിവ കാരണം പൊറുതിമുട്ടുന്നതിനാൽ ബി.ജെ.പിക്കെതിരെ വോട്ടുചെയ്യാൻ ജെ.എൻ.യുവിലെ വിദ്യാർഥികളെപ്പോലെ രാജ്യത്തെ ചെറുപ്പക്കാർ തങ്ങളുടെ കുടുംബാംഗങ്ങളെ പ്രേരിപ്പിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. പോളിങ് ബൂത്തുകളിൽ കള്ളവോട്ടുകൾ ചെയ്യുന്നതിനെതിരെ യുവാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച നടന്ന ജെ.എൻ.യു യൂനിയൻ തെരഞ്ഞെടുപ്പിൽ ഇടതുസഖ്യം എ.ബി.വി.പിയെ വൻ ഭൂരിപക്ഷത്തിനായിരുന്നു തോൽപ്പിച്ചത്. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇടതുസഖ്യത്തിന്റെ പിന്തുണയോടെ ആദ്യ ദലിത് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

Tags:    
News Summary - 'Victory in JNU belongs to backward community, youth should be motivated to vote against BJP' - Akhilesh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.