ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകൾ നാലുമാസത്തിനുള്ളിൽ നികത്തണമെന്ന് സുപ്രീംകോടതി. വൈസ് ചാൻസലർ, രജിസ്ട്രാർ മുതലായ തസ്തികകളിൽ ഒഴിവുവന്നാൽ ഒരു മാസത്തിനകം പുതിയ നിയമനമുണ്ടാകണമെന്നും ഭരണഘടനയുടെ 142-ാം അനുച്ഛേദത്തിന് കീഴിൽ കോടതിക്കുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് ജെ.ബി. പർദീവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ് വിതരണങ്ങൾ അധികൃതർ നാലു മാസത്തിനകം പൂർത്തിയാക്കണം. വിവിധ സമ്മർദങ്ങളിൽപെട്ട് ഞെരുങ്ങുന്ന വിദ്യാർഥികൾക്കിടയിലെ ആത്മഹത്യനിരക്ക് ഞെട്ടിക്കുന്ന തോതിലേക്ക് വർധിച്ചതും 38 പേജുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. സ്ഥാപനത്തിന്റെ പിൻബലമില്ലാതുള്ള വിപുലീകരണ പ്രവർത്തനങ്ങൾ വിദ്യാർഥികളെ സമ്മർദത്തിലാക്കുകയാണ് ചെയ്യുക. അതാണ് കാമ്പസുകളിലെ ദുരന്ത സംഭവങ്ങൾക്കിടയാക്കുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി നിയമിച്ച ദേശീയ ടാസ്ക് ഫോഴ്സ് നടത്തിയ സർവേയിൽ വേണ്ടത്ര അധ്യാപകരില്ലാത്തതും സുതാര്യമല്ലാത്ത പ്ലേസ്മെന്റ് പ്രക്രിയകളും കാർക്കശ്യത്തോടെയുള്ള ഹാജർ നയങ്ങളും പരീക്ഷാ മൂല്യനിർണയ രീതികളുമൊക്കെയാണ് വിദ്യാർഥികൾ എടുത്തു പറഞ്ഞ പ്രശ്നങ്ങൾ. ഇവയൊക്കെ വരുത്തുന്ന സമ്മർദം താങ്ങേണ്ടിവരുന്നത് വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ചൂഷണം ചെയ്യുന്ന അക്കാദമിക സംസ്കാരത്തെക്കുറിച്ചാണ് സർവേയിൽ മെഡിക്കൽ വിദ്യാർഥികൾ വിവരിച്ചത്. ഓൺ-കാൾ സമയം നിശ്ചിത പരിധിയും കടന്ന് നീണ്ടുപോകാറുണ്ടെന്നും, അത് 48 മണിക്കൂർ വരെ പോകുമെന്നും അവർ ചൂണ്ടിക്കാട്ടി. തങ്ങളുടെ സ്ഥാപനങ്ങൾ സുരക്ഷിതവും തുല്യതാ സമീപനം പുലർത്തുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും പഠനത്തിന് യോജിച്ച അന്തരീക്ഷവുമാണെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യതയിൽ നിന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
മാനസികാരോഗ്യ സേവനത്തിനുള്ള സൗകര്യം 65 ശതമാനത്തോളം സ്ഥാപനങ്ങളും ലഭ്യമാക്കുന്നില്ലെന്ന് ടാസ്ക് ഫോഴ്സ് സർവേയിൽ കണ്ടെത്തിയിരുന്നു. റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് അടിയന്തര മെഡിക്കൽ സഹായ സൗകര്യം കാമ്പസിലോ, ഒരു കിലോമീറ്ററിനുള്ളിലോ രാപ്പകൽ ലഭ്യമാക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.