അഹമ്മദാബാദ്: ഗുജറാത്തിൽ നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആർ പ്രക്രിയയിൽ അഹമ്മദാബാദിലെ ജമാൽപൂർ മണ്ഡലത്തിലെ നൂറുകണക്കിന് മുസ്‍ലിം വോട്ടർമാരെ ‘മരിച്ചവരായി’ പ്രഖ്യാപിക്കുകയും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തതായി റിപ്പോർട്ട്.
മണ്ഡലത്തിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നാണ് പ്രധാനമായും ഇല്ലാതാക്കലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നും എസ്.ഐ.ആർ ഫോമുകൾ പൂരിപ്പിച്ചിട്ടും, പ്രാരംഭ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും തങ്ങളുടെ പേരുകൾ അന്തിമ പട്ടികയിൽ നിന്ന് വെട്ടിക്കളഞ്ഞതായി വോട്ടർമാർ അവകാശപ്പെടുന്നു. മക്തൂബ് മീഡിയ ആണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.
മരണം, സ്ഥലംമാറ്റം, ഇരട്ടിപ്പ് എന്നിവ കാരണം പേരുകൾ ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ള ഫോം 7 ഉപയോഗിച്ചാണ് എതിർപ്പുകൾ സമർപ്പിച്ചതെന്ന് താമസക്കാരും പ്രാദേശിക നേതാക്കളും പറയുന്നു. ബി.ജെ.പി പ്രവർത്തകരാണ് ഈ എതിർപ്പുകൾ സമർപ്പിച്ചതെന്നും മുസ്‍ലിം വോട്ടർമാരെ മരിച്ചതായി വ്യാജമായി പ്രഖ്യാപിച്ചതായും അവർ ആരോപിക്കുന്നു.
ഇത് ന്യൂനപക്ഷ സമുദായത്തെ ബോധപൂർവം ലക്ഷ്യമിട്ടുള്ള അവകാശ ലംഘനവും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ രാഷ്ട്രീയ ദുരുപയോഗവുമാണ്. നിവാസികളുടെ പേരുകൾ ഇല്ലാതാക്കിവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടമാളുകൾ ഷാപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ജമാൽപൂർ നിയമസഭാ മണ്ഡലത്തിലെ വാർഡ് നമ്പർ 19ലെ വോട്ടറാണ് ഫരീദ് മിയാൻ. 823 ആണ് അദ്ദേഹത്തിന്റെ വോട്ടർ സീരിയൽ നമ്പർ. ജീവിച്ചിരുന്നിട്ടും, അദ്ദേഹം മരിച്ചുവെന്ന് അവകാശപ്പെട്ട് ഒരു എതിർപ്പ് ഫയൽ ചെയ്തു. എന്നാൽ, എതിർപ്പിൽ പരാമർശിച്ചിരിക്കുന്ന വോട്ടർ കാർഡ് നമ്പർ അദ്ദേഹത്തിന്റെ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് താമസക്കാർ ചൂണ്ടിക്കാട്ടി. വാർഡ് നമ്പർ 21ൽ താമസിക്കുന്ന ജമാൽപൂർ മണ്ഡലത്തിലെ മുനിസിപ്പൽ കൗൺസിലറായ റാഫിഖ് ഷെയ്ഖ് ഖുറേഷി വിലാസം മാറ്റിയതായി ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെയും എതിർപ്പ് ഫയൽ ചെയ്തു.
എതിർപ്പ് ഉന്നയിച്ച പങ്കജ് പാർട്ട് നമ്പർ 16ലെ വോട്ടറായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. മൂന്നാം കക്ഷികൾക്ക് എതിർപ്പുകൾ ഫയൽ ചെയ്യാൻ എങ്ങനെ അനുവദിച്ചു എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. ‘ഞങ്ങൾ ജീവിച്ചിരിപ്പുണ്ട്. ഞങ്ങൾ മുമ്പ് വോട്ട് ചെയ്തിട്ടുമുണ്ട്. എന്നിട്ടും ഈ സംവിധാനം ഞങ്ങൾ നിലവിലില്ല എന്ന് പറയുന്നു’ എന്ന് ഖുറേഷി പറഞ്ഞതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
‘ഞാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു കൗൺസിലറാണ്. എനിക്കിത് സംഭവിക്കാമെങ്കിൽ ആർക്കും സംഭവിക്കാം. ഇതിങ്ങനെ തുടർന്നാൽ, അത് വോട്ടർമാരെ ഇല്ലാതാക്കുക മാത്രമല്ല അവരെ ജീവിതത്തിൽനിന്നു തന്നെ മായ്ക്കുകയുമാണ്’ എന്ന് അദ്ദേഹം പറഞ്ഞു. ഈ വൈരുദ്ധ്യത്തെ വെല്ലുവിളിക്കാനുള്ള വഴികൾ അവർ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എതിർപ്പുകളുടെ രീതി മുസ്‍ലിം വോട്ടുകൾ അടിച്ചമർത്താനുള്ള ഏകോപിത ശ്രമത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് ന്യൂനപക്ഷ ഏകോപന സമിതി കൺവീനർ മുജാഹിദ് നഫീസ് പറഞ്ഞു. ‘ഇത് ഭരണപരമായ പിഴവല്ല. മുസ്‍ലിം വോട്ടർമാരെ മരിച്ചവരോ കുടിയിറക്കപ്പെട്ടവരോ ആയി വ്യാജമായി പ്രഖ്യാപിച്ചുകൊണ്ട് അവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ആസൂത്രിത ശ്രമമാണ്. ഈ വോട്ടർമാർ അവരുടെ എസ്.ഐ.ആർ ഫോമുകൾ പൂരിപ്പിച്ചു നൽകി. അവരുടെ പേരുകൾ ആദ്യ കരടുപട്ടികയിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ, വ്യത്യസ്ത പോളിങ് ഭാഗങ്ങളിൽ നിന്നുള്ള ബന്ധമില്ലാത്ത വ്യക്തികളാണ് എതിർപ്പുകൾ സമർപ്പിച്ചത്. ഇത് ഉദ്ദേശ്യത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും’ നഫീസ് കൂട്ടിച്ചേർത്തു.
ബൂത്ത് ലെവൽ ഓഫിസർമാർ താമസക്കാരുമായി പങ്കിട്ട വിവരങ്ങൾ അനുസരിച്ച്, ജമാൽപൂർ പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം ഏകദേശം 300 ഫോം 7 എതിർപ്പുകൾ ലഭിച്ചിട്ടുണ്ട്. ജമാൽപൂർ നിയമസഭാ മണ്ഡലത്തിലുടനീളമുള്ള ഫോം 7 എതിർപ്പുകളുടെ എണ്ണം 20,000 വരെയാകാമെന്ന് പ്രവർത്തകർ കണക്കാക്കുന്നു. ഗുജറാത്തിലെ ചീഫ് ഇലക്ടറൽ ഓഫിസർക്ക് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ന്യൂനപക്ഷ ഏകോപന സമിതി ഔദ്യോഗികമായി നിവേദനം സമർപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.