മൂന്ന് മണിക്കൂർ മാത്രം നീണ്ട സന്ദർശനം, നിർണായക കരാറുകളിൽ ഒപ്പിട്ട് ഇന്ത്യയും യു.എ.ഇയും

ന്യൂഡൽഹി: ആഗോളതലത്തിലും പശ്ചിമേഷ്യയിലെയും സംഭവവികാസങ്ങൾക്കും സമവാക്യങ്ങൾക്കുമിടയിൽ തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തം അടക്കമുള്ള അഞ്ച് സുപ്രധാന കരാറുകളിലും ധാരണപത്രങ്ങളിലും ഇന്ത്യയും യു.എ.ഇയും ഒപ്പിട്ടു. മൂന്ന് മണിക്കൂർ മാത്രം നീണ്ടുനിന്ന യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാന്റെ ഇന്ത്യ സന്ദർശനത്തിൽ ഈ കരാറുകൾക്ക് പുറമെ സഹകരണത്തിന്റെ ഏഴ് സുപ്രധാന പ്രഖ്യാപനങ്ങളും ഇരുരാജ്യങ്ങളും നടത്തി. യമനിലെയും ഇറാനിലെയും സ്ഥിതിഗതികളും ഗസ്സയിലെ സമാധാന നീക്കങ്ങളും ഇരുരാജ്യങ്ങളും ചർച്ചചെയ്തുവെന്നും വിദേശ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യു.എ.ഇ ഭരണാധികാരിയുടെ സന്ദർശനത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ പാലം വിമാനത്താവളത്തിൽ നഹ്‍യാനെ വരവേറ്റു. അതിനുശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിലേക്ക് ഒരുമിച്ച് യാത്ര ചെയ്ത ഇരുരാഷ്ട്രനേതാക്കളും അവിടെവെച്ച് നടത്തിയ ഉഭയകക്ഷി സംഭാഷണത്തിനൊടുവിലാണ് സുപ്രധാന കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചത്. ദുബൈ, അബൂദബി രാജകുടുംബാംഗങ്ങളും യു.എ.ഇ മന്ത്രിമാരും വ്യവസായ പ്രമുഖരും ശൈഖ് മുഹമ്മദ് ബിൻ സായിദിനെ അനുഗമിച്ചിരുന്നു.

ധാരണപത്രങ്ങൾ, കരാറുകൾ

തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്തം: ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രതിരോധ പങ്കാളിത്തം എങ്ങനെയായിരിക്കണമെന്നതിന്റെ ചട്ടക്കൂടാണ് പ്രതിരോധ മേഖലയിലെ ധാരണപത്രം. പ്രതിരോധ വ്യവസായ സഹകരണം, പ്രതിരോധമേഖലയിലെ നവീന സാങ്കേതികവിദ്യ കൈമാറ്റം, അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ, പരിശീലന പദ്ധതികൾ, സൈബറിടത്തിലെയും ഭീകരവിരുദ്ധ പ്രവർത്തനത്തിലെയും സഹകരണം.

ബഹിരാകാശ വ്യവസായ വികസനത്തിനും വാണിജ്യ സഹകരണത്തിനും യു.എ.ഇയുടെ ബഹിരാകാശ ഏജൻസിയും ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓഥറൈസേഷൻ സെന്ററും തമ്മിൽ ധാരണപത്രം.

യു.എ.ഇ - ഗുജറാത്ത് സർക്കാർ കരാർ: ഗുജറാത്തിലെ ധൊലേറയിൽ പ്രത്യേക നിക്ഷേപ മേഖല വികസിപ്പിക്കാൻ ധാരണപത്രം ഒപ്പിട്ടു. അന്തർദേശീയ വിമാനത്താവളം, ഹരിത തുറമുഖം, സ്മാർട്ട് ടൗൺഷിപ്, പൈലറ്റ് ട്രെയ്നിങ് സ്കൂൾ, വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും പരിപാലനവും, റെയിൽവേ കണക്റ്റിവിറ്റി എന്നിവ അടങ്ങുന്നതാണ് ബൃഹദ് പദ്ധതി.

അബൂദബി നാഷനൽ ഓയിൽ കമ്പനി ഗ്യാസ് (അഡ്നോക് ഗ്യാസ്) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന് 2038 വരെ 0.5 മെട്രിക് ടൺ എൽ.എൻ.ജി വിൽക്കാനുള്ള കരാർ.

ഭക്ഷ്യസംസ്കരണ വ്യാപാരത്തിൽ പരസ്പരം ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിന് അരിയുടെയും മറ്റു ഭക്ഷ്യോൽപന്നങ്ങളുടെയും ഇന്ത്യയിൽനിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ധാരണപത്രം.

പരസ്പര സഹകരണ പ്രഖ്യാപനങ്ങൾ

ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടിങ് ക്ലസ്റ്റർ സ്ഥാപിക്കും

2032ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 20,000 കോടി യു.എസ് ഡോളറാക്കി വർധിപ്പിക്കും.

സിവിൽ ആണവ സഹകരണം പ്രോത്സാഹിപ്പിക്കും.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിൽ ഫസ്റ്റ് അബൂദബി ബാങ്കും ഡി.പി വേൾഡും ഓഫിസുകൾ തുറക്കും.

ഡിജിറ്റൽ/ ഡാറ്റ എംബസികൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ആരായും.

അബൂദബിയിൽ ‘ഹൗസ് ഓഫ് ഇന്ത്യ’ സാംസ്കാരിക വിനിമയത്തിനായി തുറക്കും.

ഇരുരാജ്യങ്ങളും യൂത്ത് എക്സ്ചേഞ്ച് പ്രോത്സാഹിപ്പിക്കും.

Tags:    
News Summary - India and UAE sign crucial agreements in just three-hour visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.