പ്രതീകാത്മക ചിത്രം

വളർത്തുനായുടെ കടിയേറ്റ് പേവിഷബാധ; റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം

അഹ്മദാബാദ്: പ്രതിരോധ കുത്തിവെപ്പ് എടുത്ത വളർത്തുനായുടെ കടിയേറ്റതിനെത്തുടർന്ന് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൾ പേവിഷബാധയേറ്റ് മരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. മരിച്ച 50കാരി മുതിർന്ന വിദ്യാഭ്യാസ വിദഗ്ധയും മുമ്പ് ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിച്ച വ്യക്തിയുമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ സ്കൂൾ ജീവനക്കാരന്റെ ഉടമസ്ഥതയിലുള്ള 'ബീഗിൾ' ഇനത്തിൽപ്പെട്ട വളർത്തുനായയുമായി കളിക്കുന്നതിനിടെയാണ് ഇവർക്ക് കടിയേറ്റത്. നായ വാക്സിനേഷൻ എടുത്തതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കടിയേറ്റ് മാസങ്ങൾക്ക് ശേഷമാണ് ഇവർക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഡിസംബർ 30ന് ഇവരെ ഗാന്ധിനഗറിലെ ഭട്ട് സർക്കിളിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 17ന് രാവിലെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഒക്ടോബർ 17ന് നായയും ചത്തിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ ഉപദേശകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എച്ച്‌.ഐ.വി, ക്ഷയരോഗം എന്നിവ തടയുന്നതിനുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ ഇവർ വലിയ പങ്ക് വഹിച്ചിരുന്നു. മരണസമയത്ത് ഗാന്ധിനഗറിലെ പ്രമുഖ സ്വകാര്യ സ്കൂളിൽ അഡ്വൈസറി അംഗമായി പ്രവർത്തിക്കുകയായിരുന്നു.

തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തെരുവുനായ നിയന്ത്രണ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാറുകൾ പരാജയപ്പെട്ടുവെന്ന് സുപ്രീംകോടതി കഴിഞ്ഞയാഴ്ച നിരീക്ഷിച്ചിരുന്നു. നായ വാക്സിനേഷൻ എടുത്തതാണെങ്കിലും അല്ലെങ്കിലും, കടിയേറ്റാലുടൻ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞാൽ മരണം ഏതാണ്ട് ഉറപ്പാണ് എന്നതാണ് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നത്.

Tags:    
News Summary - Daughter Of Retired IAS Officer Dies Of Rabies After Being Bitten By Vaccinated Pet Dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.