വായനക്കാരും മോഷ്ടിക്കും; ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറിൽ ബുക് സ്റ്റാളുകൾ കൊള്ളയടിച്ച് സന്ദർശകർ

ന്യൂഡൽഹി: ‘വായനക്കാർ മോഷ്ടിക്കില്ല, കള്ളന്മാർ വായിക്കില്ല’ എന്നൊരു ചൊല്ലുണ്ട്. എന്നാൽ, പഴമൊഴിക​ളെ അസ്ഥാനത്താക്കി വായനക്കാർ തന്നെ ബുക് സ്റ്റാളുകൾ ​കൊള്ളയടിക്കുന്ന കാഴ്ചക്കാണ് ‘ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറി’ന്റെ അവസാന ദിനം സാക്ഷ്യം വഹിച്ചത്.

പൊതു മര്യാദക്കും പൗരബോധമില്ലായ്മക്കും ഇന്ത്യ പുറം രാജ്യങ്ങളിൽ വിമർശിക്കപ്പെടുന്ന നിരവധി സംഭവങ്ങൾക്കിടയിലാണിത്. പുസ്തകമേളയുടെ അവസാന ദിവസം തിരക്കേറിയ ഒരു സ്റ്റാളിലെ ഷെൽഫുകളിൽ നിന്ന് സന്ദർശകർ പുസ്തകങ്ങൾ വലിച്ചെടുക്കാൻ ഓടുന്നതും തിക്കുംതിരക്കുമുണ്ടാക്കുന്നതുമായ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയും കടുത്ത വിമർശനവും രോഷവും വിളിച്ചുവരുത്തുകയും ചെയ്തു.

സമാപന ദിവസം ചില സ്റ്റാളുകൾ സൗജന്യ പുസ്തകങ്ങൾ നൽകിയതിനെത്തുടർന്നാണ് കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെട്ടതെന്നും ഇത് വേദിയിൽ ആശയക്കുഴപ്പവും തിരക്കും സൃഷ്ടിച്ചതായും നിരവധി സന്ദർശകർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പരിപാടികളിൽ ഒന്നിലെ പൊതു പെരുമാറ്റത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും നേരെ ഈ സംഭവം തിരിച്ചടിയായി.


‘ഞാൻ വായിക്കുന്നതോ വായിച്ചതോ പങ്കിടുന്നത് നിർത്തി. കാരണം മിക്കവർക്കും വായിക്കാൻ താൽപ്പര്യമില്ല. നിങ്ങൾ വായിക്കുന്ന പുസ്തകങ്ങൾ എന്താണെന്ന് അറിയാനും അവ ശേഖരിക്കാനുമാണ് അവർക്ക് താൽപര്യം’ എന്ന് എക്‌സിൽ വിഡിയോ പങ്കിട്ടുകൊണ്ട് യു.പി.എസ്‌.സി അധ്യാപകനായ ശേഖർ ദത്ത് എഴുതി.

‘ഇന്ത്യയിൽ അടിസ്ഥാന പൗരബോധം ഒരു മിത്ത് ആണെ’ന്ന് മറ്റൊരു ഉപയോക്താവ് പ്രതികരിച്ചു. ‘സൗജന്യ പുസ്തകങ്ങളോടുള്ള സ്നേഹവും അവയോടുള്ള ബഹുമാനക്കുറവും. വിദ്യാഭ്യാസം എല്ലായ്പ്പോഴും മര്യാദയും ആത്മാഭിമാനവും കൊണ്ട് വരുന്നില്ല എന്നതിന്റെ തെളിവെ’ന്നും ഒരു ഉപയോക്താവ് പ്രതികരിച്ചു. ‘ഇത് കാണുമ്പോൾ സങ്കടമുണ്ട്.. ഹൃദയഭേദകം. എഴുത്തുകാരെയും പ്രസാധകരെയും കുറിച്ച് ചിന്തിക്കൂ! യഥാർത്ഥത്തിൽ വായിക്കുന്നവർ, ഒരിക്കലും മോഷ്ടിക്കരുത്’ -മറ്റൊരാൾ പറഞ്ഞു. 

35ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,000ത്തിലധികം പ്രസാധകർ പങ്കെടുത്ത ‘ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ 2026’ ജനുവരി 18ന് ഭാരത് മണ്ഡപത്തിൽ സമാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ഖത്തർ, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ സാംസ്‌കാരിക മന്ത്രിമാരും ചേർന്നാണ് മേള ഉദ്ഘാടനം ചെയ്തത്. പുസ്തകമേളയുടെ 54ാമത് പതിപ്പ് 2027 ജനുവരി 16 മുതൽ 2027 ജനുവരി 24 വരെ നടക്കും.

Tags:    
News Summary - Readers also steal; Visitors loot book stalls at New delhi World Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.