ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വർഗീയ പരാമർശം നടത്തി അവഹേളിച്ച മധ്യപ്രദേശ് ബി.ജെ.പി മന്ത്രി കുൻവർ വിജയ് ഷായെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുമോ എന്നതിൽ രണ്ടാഴ്ചക്കകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു.
കോടതി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് മധ്യപ്രദേശ് സർക്കാറിന് നിർദേശം നൽകിയത്. മന്ത്രി കുൻവർ വിജയ് ഷാ ഇതിന് മുമ്പും സമാനമായ വർഗീയ പരാമർശങ്ങൾ നടത്തിയിട്ടുള്ളതായി എസ്.ഐ.ടി റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് കോടതി പറഞ്ഞു. ഇത്തരം പരാമർശങ്ങൾക്കെതിരെ സ്വീകരിക്കാവുന്ന നടപടി വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി എസ്.ഐ.ടിയോട് നിർദേശിച്ചു.
ഓപറേഷൻ സിന്ദൂറിനിടെ കരസേനക്കു വേണ്ടി മാധ്യമങ്ങൾക്ക് വിശദീകരണം നൽകിയ കേണൽ സോഫിയ ഖുറേഷിക്കെതിരെയായിരുന്നു പരാമർശം. മധ്യപ്രദേശ് ഹൈകോടതി സ്വമേധയാ കേസെടുക്കാൻ ഉത്തരവ് നൽകിയതോടെയാണ് മന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്. മന്ത്രിയുടെ പരാമർശങ്ങൾ വാക്കാൽ തള്ളിയ കോടതി ഇതേക്കുറിച്ച് അന്വേഷിക്കാൻ എസ്.ഐ.ടി രൂപവത്കരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റ് തടയുകയും ചെയ്തു.
മന്ത്രി ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ബോധിപ്പിച്ചു. എന്നാൽ, നിയമ നടപടികളിൽ നിന്ന് തലയൂരാൻ നടത്തുന്ന മുതലക്കണ്ണീർ എന്നുപറഞ്ഞ് അദ്ദേഹത്തിന്റെ ക്ഷമാപണം കോടതി നേരത്തെ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.