മംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ മഠം എല്ലാ ഭക്തർക്കും കർശനമായ വസ്ത്രധാരണ നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് പുരുഷ ഭക്തർ അവരുടെ ഷർട്ട് ഊരിവെക്കണമെന്ന് നിർബന്ധമാക്കി. പര്യയ ഷിരൂർ മഠം പുറപ്പെടുവിച്ച നിർദേശം ജനുവരി 19 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
പുതുക്കിയ മാർഗ നിർദേശങ്ങൾ അനുസരിച്ച്, ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഭക്തർക്ക് വസ്ത്രധാരണ നിയമങ്ങൾ കർശനമായി നടപ്പിലാക്കും. സ്ത്രീ ഭക്തർ മാന്യവും പരമ്പരാഗതവുമായ വസ്ത്രം ധരിക്കണമെന്ന് നിർബന്ധമാണ്. ജീൻസ്, ടീ-ഷർട്ട്, സ്ലീവ്‌ലെസ് വസ്ത്രങ്ങൾ അല്ലെങ്കിൽ മറ്റ് പാരമ്പര്യേതര വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രവേശനം നിഷേധിക്കുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.
പുരുഷ ഭക്തർ ക്ഷേത്രത്തിന്റെ ഉൾവശത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ഷർട്ടുകൾ ഊരിവെക്കണം. നേരത്തെ രാവിലെ 11 മണിക്ക് മുമ്പ് മഹാപൂജയിൽ പങ്കെടുക്കുന്ന ഭക്തർക്ക് മാത്രമേ ഈ രീതി ബാധകമായിരുന്നുള്ളൂ . എന്നാൽ പുതിയ നിയന്ത്രണമനുസരിച്ച് സന്ദർശന സമയം പരിഗണിക്കാതെ, ഇപ്പോൾ ദിവസം മുഴുവൻ ഈ നിയമം നടപ്പിലാക്കും.
ചരിത്രപ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തിന്റെ പവിത്രതയും അച്ചടക്കവും പരമ്പരാഗത ആചാരങ്ങളും സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.