ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തിന്‍െറ രാജി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സ്വീകരിച്ചതില്‍ സാങ്കേതികപിഴവ് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍. ബി.ജെ.പി പന്നീര്‍സെല്‍വത്തിന് ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെ, നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജി നിയമപരമല്ളെന്ന ന്യായവാദമുയര്‍ത്തിയത്.
തമിഴ്നാടിന്‍െറ അധികച്ചുമതലയാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്. പന്നീര്‍സെല്‍വം തന്‍െറ രാജി ഗവര്‍ണര്‍ക്ക് നേരിട്ടുനല്‍കുകയല്ല ചെയ്തത്. ഡല്‍ഹിയിലായിരുന്ന ഗവര്‍ണര്‍ക്ക് ദൂതന്‍ വഴി രാജി എത്തിച്ചുകൊടുത്തുവെന്നാണ് വിവരം. രാജി മുഖ്യമന്ത്രി നേരില്‍ക്കണ്ട് നല്‍കണമെന്നാണ് ചട്ടം. അതുകൊണ്ടുതന്നെ, രാജി സ്വീകരിച്ചതായി ഫെബ്രുവരി ആറിന് ഗവര്‍ണര്‍ സ്ഥിരീകരിച്ചതില്‍ നിയമപരമായ പിഴവുണ്ടെന്നാണ് കേന്ദ്ര നിയമമന്ത്രി ‘ടൈംസ് നൗ’ അഭിമുഖത്തില്‍ പറഞ്ഞത്.
പ്രധാനമന്ത്രി രാജിവെക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ രാഷ്ട്രപതിയെ നേരില്‍ക്കണ്ട് രാജിക്കത്ത് കൈമാറുകയാണ് ചെയ്യേണ്ടതെന്ന് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. അതുപോലത്തെന്നെ, മുഖ്യമന്ത്രിയെ നേരിട്ടുകേള്‍ക്കാതെ ഗവര്‍ണര്‍ രാജി സ്വീകരിച്ചാല്‍ അത് നിയമസാധുതയുള്ള നടപടിയല്ല. നിയമമന്ത്രിയുടെ ഈ വാദം തമിഴക രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവിന് സാധ്യത തുറക്കും. രാജി സ്വീകരിച്ചതില്‍ വീഴ്ചയുണ്ടെന്നു വന്നാല്‍ പന്നീര്‍സെല്‍വം കാവല്‍ മുഖ്യമന്ത്രിയല്ല, പൂര്‍ണാധികാരമുള്ള മുഖ്യമന്ത്രി തന്നെയാവും. ആക്ടിങ് ഗവര്‍ണര്‍ ആവശ്യപ്പെട്ടില്ളെങ്കില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട ആവശ്യംതന്നെ വരുന്നില്ല. രാജിക്കത്ത് നല്‍കിയശേഷം മനസ്സുമാറിയ മുഖ്യമന്ത്രി, ഇപ്പോള്‍ താല്‍പര്യപ്പെടുന്ന പ്രകാരം രാജി പിന്‍വലിക്കുകപോലും ചെയ്യേണ്ടിവരില്ല. എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരില്‍നിന്ന് പിന്തുണ എളുപ്പത്തില്‍ സമാഹരിക്കാനുള്ള വഴികൂടിയാണിത്. എതിര്‍പക്ഷ എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരേണ്ട സാഹചര്യമാണ് പിന്നീടുണ്ടാവുക.
ഭൂരിപക്ഷ എം.എല്‍.എമാരും ശശികല നിര്‍ദേശിച്ച പളനിസാമിക്ക് ഒപ്പം നില്‍ക്കുന്നതാണ് സാഹചര്യം. അക്കാര്യം പന്നീര്‍സെല്‍വത്തിനും ഗവര്‍ണര്‍ക്കും കേന്ദ്രത്തിനും കണക്കിലെടുക്കാതിരിക്കാന്‍ വയ്യ. നിയമസഭയില്‍ മുഖ്യമന്ത്രിയോട് വിശ്വാസവോട്ട് തേടാന്‍ ആവശ്യപ്പെടുന്നതും അതിനിടമില്ളെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതും രാജി അംഗീകരിച്ച് എതിര്‍പക്ഷ നേതാവായ പളനിസാമിയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ആദ്യത്തേത് പന്നീര്‍സെല്‍വത്തിന് അനുകൂലമായി രാഷ്ട്രീയസാഹചര്യം മാറ്റിയെന്നിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.