ചീഫ്​ വിപ്പിനെ മാറ്റിയതിനെതിരെ ഉദ്ധവ്​ വിഭാഗം സുപ്രീംകോടതിയിൽ; ഹരജി 11ന്​ പരിഗണിക്കും

ന്യൂഡൽഹി: ഏക്നാഥ്​ ഷിൻഡെ വിഭാഗം നിർദേശിച്ച എം.എൽ.എയെ ചീഫ്​ വിപ്പ്​ ആക്കിയ പുതിയ മഹാരാഷ്​​ട്ര നിയമസഭാ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത്​ ഉദ്ധവ്​ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സുപ്രീംകോടതിയിൽ. ഷിൻഡെയെയും 15 എം.എൽ.എമാരെയും അയോഗ്യരാക്കുന്നത്​ തടയണമെന്ന്​ ആവശ്യപ്പെട്ട്​ ഷിൻഡെ വിഭാഗം സമർപ്പിച്ച ഹരജിക്കൊപ്പം ഈ മാസം 11ന്​ ഈ ഹരജിയും പരിഗണിക്കുമെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി.

താക്കറെ വിഭാഗത്തിന്‍റെ ശിവസേനാ ചീഫ്​ വിപ്പായിരുന്നു സുനിൽ പ്രഭുവാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​. ഉദ്ധവിനൊപ്പമുള്ള സുനിൽ പ്രഭുവിനെ ചീഫ്​ വിപ്പ്​ സ്ഥാനത്ത്​ നിന്ന്​ മാറ്റി ഷിൻഡെ തന്‍റെ കൂടെയുള്ള ഭരത്​ ഗോഗാവാലെയെ ചീഫ്​ വിപ്പായി നിയമിച്ചതിന്​ പുതുതായി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എ രാഹുൽ നർവേക്കർ അംഗീകാരം നൽകുകയായിരുന്നു.

ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന്​ ജസ്​റ്റിസുമാരായ ഇന്ദിരാ ബാനർജിയും ജെ.കെ മഹേശ്വരിയും അടങ്ങുന്ന അവധിക്കാല ബെഞ്ചിനോട്​ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഭിഷേക്​ മനു സിങ്​വി ആവശ്യപ്പെട്ടു.

ശിവസേനാ മേധാവിയായി ഉദ്ധവ്​ താക്കറെ നിൽക്കുന്നേടത്തോളം ഷിൻഡെയുടെ വിപ്പ്​ അംഗീകരിക്കാൻ സ്പീക്കർക്ക്​ അധികാരമില്ല. സുനിൽപ്രഭു ശിവസേനയുടെ ഔദ്യോഗിക വിപ്പായി തുടരുന്നത്​ ചോദ്യം ചെയ്ത്​ ഷിൻഡെ വിഭാഗം സമർപ്പിച്ച ഹരജിയും സുപ്രീംകോടതി മുമ്പാകെയുള്ളത് സിങ്​വി ശ്രദ്ധയിൽപ്പെടുത്തി. അതിൽ ഇടക്കാല ഉത്തരവ്​ പുറപ്പെടുവിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതും സിങ്​വി ഓർമിപ്പിച്ചു. ​തുടർന്നാണ്​ 11ന്​ ശിവസേനാ കേസുകൾക്കൊപ്പം ഈ ഹരജിയും കേൾക്കാമെന്ന്​ സുപ്രീം കോടതി വ്യക്​തമാക്കിയത്​.

Tags:    
News Summary - Uddhav faction in Supreme Court against change of Chief Whip; The petition will be considered on 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.