ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ ലിങ്ക് ഷെയർ ചെയ്ത ട്വീറ്റുകൾ നീക്കം ചെയ്തു. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. ഇത്തരം ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യൂട്യൂബിനും കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു.
ബി.ബി.സി ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് പ്രസിദ്ധീകരിച്ച ഒന്നിലധികം യൂട്യൂബ് വിഡിയോകൾ നീക്കംചെയ്യാനാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ആവശ്യപ്പെട്ടത്. ഡോക്യുമെന്ററിയുടെ ലിങ്കുമായി ബന്ധപ്പെട്ട 50ലേറെ ട്വീറ്റുകൾ തടയാൻ ട്വിറ്ററിന് നിർദേശം നൽകിയതായും അധികൃതർ പറഞ്ഞിരുന്നു. ഐ ആൻഡ് ബി മന്ത്രാലയം സെക്രട്ടറിയാണ് നിർദേശം നൽകിയത്. യൂട്യൂബും ട്വിറ്ററും നിർദേശം പാലിച്ചതായി അധികൃതർ വ്യക്തമാക്കി.
ഡോക്യുമെന്ററിയുടെ ലിങ്ക് പൗരാവകാശ പ്രവർത്തകർ അടക്കം പങ്കുവെച്ചിരുന്നു. ഡോക്യുമെന്ററി വിഷയത്തില്‍ ബി.ബി.സിക്കെതിരെ 302 പ്രമുഖര്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. 13 റിട്ട. ജഡ്ജിമാരും മുന്‍ സ്ഥാനപതിമാരും അടക്കമുള്ളവരാണ് രംഗത്തെത്തിയത്.കൊളോണിയൽ മനോനിലയിൽ നിന്ന് പിറവിയെടുത്തതാണെന്നായിരുന്നു പ്രധാന ആരോപണം.
2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വാദവുമായാണ് ബി.ബി.സി ഡോക്യുമെന്ററി പുറത്തുവിട്ടത്. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ബ്രിട്ടനിൽ ചൊവ്വാഴ്ച ബി.ബി.സി-ടു സംപ്രേഷണം ചെയ്തു. പിന്നാലെ, ഇത് ഇന്ത്യയിലും യൂട്യൂബിൽ ലഭ്യമായിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.