ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വീണ്ടും വിവാദം. 2015മുതൽ 2025 വരെയുള്ള 10 വർഷങ്ങൾക്കിടെ സിൽക്ക് ദുപ്പട്ട സംഭരണത്തിൽ വൻതോതിൽ ക്രമക്കേട് നടന്നതായാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. മായം ചേർത്ത ലഡ്ഡു, സംഭാവന മോഷണം എന്നിവക്കു ശേഷമാണ് ഇപ്പോൾ സിൽക്ക് ദുപ്പട്ട വിവാദം പുറത്തുവന്നിരിക്കുന്നത്. 100 ശതമാനം പോളിസ്റ്റർ-സിൽക്ക് മിശ്രിതമാണെന്ന് ബില്ല് ചെയ്തിട്ടും വ്യാജ സിൽക്ക് ദുപ്പട്ടകൾ വിതരണം ചെയ്തതായാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഈ അഴിമതി വഴി 54 കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്ക്.
ഒരു കരാറുകാരൻ സിൽക്ക് ആണെന്ന് അവകാശപ്പെട്ട് ഏതാണ്ട് 15,000 ദുപ്പട്ടകൾ വിതരണം ചെയ്തു. ഒരു പീസിന് 1389 രൂപക്കാണ് ഇത് വിതരണം ചെയ്തത്. എന്നാൽ സെൻട്രൽ സിൽക്ക് ബോർഡ് ഉൾപ്പെടെയുള്ള രണ്ട് ലബോറട്ടറികളിലേക്ക് സാംപിളുകൾ പരിശോധനക്ക് അയച്ചപ്പോൾ ദുപ്പട്ടകൾ സിൽക്ക് കൊണ്ടല്ല, പോളിസ്റ്റർ കൊണ്ടാണ് നിർമിച്ചതെന്ന് കണ്ടെത്തി. ക്രമക്കേട് ശ്രദ്ധയിൽ പെട്ടയുടൻ അന്വേഷണം എ.സി.ബിക്ക് കൈമാറിയതായി ടി.ടി.ഡി ചെയർമാൻ ബി.ആർ നായിഡു പ്രതികരിച്ചു.
ക്ഷേത്രത്തിൽ നിന്ന് വിതരണം ചെയ്ത ലഡ്ഡുവിൽ ശുദ്ധമായ പശുവിൻ നെയ്ക്ക് പകരം മൃഗക്കൊഴുപ്പോ മായം ചേർത്ത നെയ്യോ ആണെന്നായിരുന്നു നേരത്തേ ഉയർന്ന വിവാദം. 2024 സെപ്റ്റംബറിലാണ് ഇതുസംബന്ധിച്ച വിവാദം പുറത്തുവന്നത്. വിവാദം അന്വേഷിക്കാൻ സി.ബി.ഐയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു.
ക്ഷേത്രത്തോടനുബന്ധിച്ചു മഠത്തിലെ ഗുമസ്തൻ ഭക്തരുടെ സംഭാവനപ്പെട്ടിയിൽനിന്ന് പണം മോഷ്ടിച്ചതിന് പിടിക്കപ്പെടുകയുണ്ടായി. 2023 ഏപ്രിൽ 29നായിരുന്നു ഈ സംഭവം പുറത്തുവന്നത്. തുടർന്ന് ഇതിൽ കേസെടുത്തു. ക്ഷേത്രത്തിൽ വഴിപാടായി ശേഖരിച്ച പണമാണ് ഗുമസ്തൻ മോഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.