പ്രജ്വൽ രേവണ്ണ

ജെ.ഡി-എസിന് തിരിച്ചടി; ഏക എം.പിയുടെ തെരഞ്ഞെടുപ്പ് കർണാടക ഹൈകോടതി റദ്ദാക്കി

ബംഗളൂരു: ജനതാദൾ-എസിന്റെ ഏക ലോക്സഭാംഗമായ പ്രജ്വൽ രേവണ്ണയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി കർണാടക ഹൈ​കോടതി.2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽനിന്ന് ജയിച്ച പ്രജ്വൽ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് സംബന്ധിച്ച് വ്യാജ വിവരങ്ങൾ ചേർത്തെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പ്രജ്വലിന്റെ എതിർ സ്ഥാനാർഥിയായിരുന്ന മുൻ ബി.ജെ.പി അംഗം എ. മഞ്ജുനാഥും മണ്ഡലത്തിലെ വോട്ടറായ ജി. ദേവരാജ ഗൗഡയും 2019 ജൂൺ 26ന് കർണാടക ഹൈകോടതിയിൽ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ സിംഗിൾ ജഡ്ജ് ബെഞ്ചിന്റെ വിധി. പരാതിക്കാരനായ എ. മഞ്ജു നിലവിൽ ഹാസനിലെ അർക്കലഗുഡിൽനിന്നുള്ള ജെ.ഡി-എസ് എം.എൽ.എയാണ്. ഈ മണ്ഡലത്തിൽനിന്ന് ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ് ടിക്കറ്റുകളിൽ എം.എൽ.എയായെന്ന അപൂർവതയും മഞ്ജുവിനുണ്ട്.

തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന് പ്രജ്വലിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ഹൈകോടതി നിർദേശം നൽകി. പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണ, സഹോദരൻ സൂരജ് രേവണ്ണ എന്നിവർക്കെതിരെയും നടപടിക്ക് നിർദേശമുണ്ട്. ഇതോടെ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രജ്വലിന് പ​ങ്കെടുക്കാനാവില്ല. രാജ്യസഭാംഗമായ എച്ച്.ഡി. ദേവഗൗഡ മാത്രമാകും പാർല​മെന്റിൽ ജെ.ഡി-എസ് പ്രതിനിധി.

ആറു വർഷത്തേക്ക് പ്രജ്വലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. അതേസമയം, ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാവും.പ്രജ്വലിന്റെ ഉടമസ്ഥതയിലുള്ള ഹാസനിലെ ചന്നാംബിക കൺവെൻഷൻ ഹാളിന് നാലു കോടി വിലമതിക്കുമെങ്കിലും 14 ലക്ഷം മാത്രമാണ് നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്‍മൂലത്തിൽ ചേർത്തത്. ബാങ്ക് ബാലൻസായി അഞ്ചുലക്ഷമാണ് ചേർത്തിരുന്നത്. എന്നാൽ, 48 ലക്ഷം ഉണ്ടായിരുന്നതായാണ് പരാതി. പല സ്വത്തുക്കളും ബിനാമികളുടെ പേരിലാണുള്ളതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

2018ൽ കർണാടകയിൽ സർക്കാർ രൂപവത്കരിച്ച സഖ്യമായ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യത്തി​ന്റെ ഭാഗമായാണ് പ്രജ്വൽ രേവണ്ണ 2019ൽ കന്നിയങ്കത്തിനിറങ്ങിയത്.പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ സിറ്റിങ് സീറ്റായിരുന്ന ഹാസൻ മൂത്തമകൻ എച്ച്.ഡി. രേവണ്ണയുടെ നിർബന്ധത്തിന് വഴങ്ങി രേവണ്ണയുടെ മകൻ പ്രജ്വലിന് ദേവഗൗഡ കൈമാറുകയായിരുന്നു. പകരം തുമകുരു സീറ്റിൽ മത്സരിച്ച ദേവഗൗഡ തോൽക്കുകയും ഹാസൻ സീറ്റിൽ പ്രജ്വൽ വിജയിക്കുകയും ചെയ്തു.

Tags:    
News Summary - The Karnataka High Court annulled the election of the single MP of jds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.