ബംഗളൂരു: ദലിത് യുവാവിന്റെ പ്രവേശനത്തെ തുടർന്ന് ശുദ്ധീകരണത്തിന്റെ ഭാഗമായി കർണാടകയിലെ തരിക്കീറെ താലൂക്കിലെ ഗൊള്ളാറഹട്ടി ഗ്രാമത്തിലെ രണ്ട് ക്ഷേത്രങ്ങൾ അടച്ചു. 'ശുദ്ധികലശം' നടത്തി 'പവിത്ര'മാക്കിയതിനു ശേഷമേ ഇനി ക്ഷേത്രങ്ങൾ തുറക്കുകയുള്ളൂവെന്ന് തദ്ദേശവാസികൾ വ്യക്തമാക്കി. ദലിത് യുവാവ് പ്രദേശത്ത് പ്രവേശിച്ചതിനു പിന്നാലെ കമ്പട രംഗനാഥ സ്വാമി, തിമ്മപ്പ ക്ഷേത്രങ്ങളാണ് അടച്ചത്.
ദലിത് സമുദായക്കാരനായ എക്സ്കവേറ്റർ ഓപ്പറേറ്ററായ മാരുതി ജനുവരി ഒന്നിനാണ് ഗൊള്ളാറഹട്ടിയിലെത്തിയത്. വീട് പൊളിക്കുന്ന സ്ഥലത്ത് ലോഡിങ് ജോലിക്കാണ് ഇയാളെ നിയമിച്ചത്. യുവാവ് പ്രദേശത്ത് എത്തിയെന്നറിഞ്ഞ പ്രദേശവാസികൾ ക്ഷേത്രങ്ങളുടെ കവാടങ്ങൾ അടച്ചിട്ടു. ചിലയാളുകൾ അവിടേക്ക് വന്നതിന് മാരുതിയെ മർദിക്കുകയും ചെയ്തു. തുടർന്ന് മാരുതി ജനുവരി രണ്ടിന് 15 പേർക്കെതിരെ പൊലീസിൽ പരാതി നൽകി. എസ്.സി/എസ്.ടി(മർദനം തടയൽ)വകുപ്പ് പ്രകാരം തരിക്കീറെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മറ്റുള്ളവർ ഒളിവിലാണ്.
പരാതിയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. പൊലീസ് വാഹനം കണ്ടയുടൻ പ്രദേശത്തെ ആളുകൾ വീടുകളിൽ കയറി വാതിലടച്ചു. ഗൊള്ളാറഹട്ടിയിൽ ഗൊള്ള സമുദായത്തിൽ പെട്ട 130 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരെ കൂടാതെ ലിംഗായത്ത്, ഭോവി സമുദായക്കാരും ഇവിടെയുണ്ട്.
വർഷങ്ങളായി ദലിത് വിഭാഗത്തിൽപ്പെട്ടവരെ ഗൊള്ളാറഹട്ടിയിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് ഗൊള്ളക്കാർ അവകാശപ്പെടുന്നു. അയൽഗ്രാമത്തിലുള്ളവർക്കും ഇക്കാര്യം അറിയാം. അതിനാൽ അവരാരും ഇവിടേക്ക് വരാറില്ല. ദലിത് യുവാവ് കടന്നതിനു ശേഷം ആചാരത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിലെ വിഗ്രഹത്തെ പൂജിക്കാൻ ഗംഗയിലേക്ക് കൊണ്ടുപോയി. വിഗ്രഹം തിരികെ കൊണ്ടുവന്ന ശേഷമായിരിക്കും ഇനി ക്ഷേത്രങ്ങളിൽ പൂജ നടക്കുക.
അതേസമയം, മാരുതിയെ മർദിച്ചിട്ടില്ലെനാണ് പ്രദേശവാസികൾ പറയുന്നത്. ഇവിടത്തെ ആചാരങ്ങൾ അയാൾക്ക് അറിയില്ലായിരിക്കാം. എക്‌സ്‌കവേറ്റർ ജോലിക്കിടയിൽ ടി.വി കേബിൾ മുറിച്ചതിനാൽ ഒരാൾ അവനുമായി തർക്കിച്ചു. പിന്നീടാണ് അദ്ദേഹം മാഡിഗ സമുദായത്തിൽ പെട്ടയാളാണെന്ന് അറിയുന്നത്.അങ്ങനെയാണ് വർഷങ്ങളായി പിന്തുടരുന്ന ആചാരത്തിന്റെ ഭാഗമായി ക്ഷേത്രങ്ങൾ അടച്ചുപൂട്ടിയതെന്നും ഒരു പ്രദേശവാസി പറഞ്ഞു.
ആചാരത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതെ ആളുകൾ പ്രദേശത്ത് പ്രവേശിക്കുകയും ശുദ്ധീകരണത്തിനുള്ള ചെലവ് നൽകുകയും ചെയ്ത സന്ദർഭങ്ങളുണ്ട്. അവർ പണം നൽകാൻ വിസമ്മതിച്ചാൽ ഞങ്ങൾ സംഭാവന നൽകുകയും ശുദ്ധീകരണ ചെലവ് വഹിക്കുകയും ചെയ്യുന്നു.-മറ്റൊരാൾ പറഞ്ഞു.
ദലിത് സമുദായത്തിൽ പെട്ട ലോക്സഭ അംഗവും മന്ത്രിയുമായ എ. നാരായണസ്വാമിയെ 2019ൽ ഗൊള്ളാറഹട്ടിയിലേക്ക് പ്രവേശിക്കുന്നതിന് തടഞ്ഞിരുന്നു. ഇതിനെതിരെ വ്യാപകമായി വിമർശനമുയർന്നതോടെ, ഗ്രാമവാസികൾ തന്നെ അദ്ദേഹത്തെ നേരിട്ടു ക്ഷണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.