ന്യൂഡൽഹി: രാജ്യത്തെ കോടതികളുടെ സുരക്ഷ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ഡൽഹിയിലെ കോടതികളിൽ സമീപ കാലത്തുണ്ടായ വെടിവെപ്പുകളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം. എല്ലാ കോടതികളിലും കോടതി സുരക്ഷ യൂനിറ്റിനെ (സി.എസ്.യു) നിയോഗിക്കണമെന്ന നിർദേശമാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്.
വെടിവെപ്പുപോലുള്ള അക്രമസംഭവങ്ങൾ ജഡ്ജിമാർക്കും അഭിഭാഷകർക്കും മാത്രമല്ല, കോടതി ജീവനക്കാർ, പരാതിക്കാർ, പൊതുജനങ്ങൾ എന്നിവർക്കും ഭീഷണിയാണെന്ന് ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ കോടതികൾ സ്വീകരിക്കുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. കോടതികൾക്കുതന്നെ സുരക്ഷയില്ലെങ്കിൽ നീതി തേടി എത്തുന്നവരുടെ പ്രതീക്ഷകൾ ഇല്ലാതാകില്ലേയെന്നും കോടതി ചോദിച്ചു.
സമീപകാലത്ത് ഡൽഹിയിലെ നിരവധി കോടതികളിൽ വെടിവെപ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ജനുവരിയിൽ തീസ് ഹസാരി കോടതിയിൽ ഇരുവിഭാഗം അഭിഭാഷകർ തമ്മിലുണ്ടായ ചൂടേറിയ വാദപ്രതിവാദത്തിനൊടുവിൽ വെടിവെപ്പുണ്ടായിരുന്നു. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഏപ്രിലിൽ രോഹിണി കോടതിയിലും വെടിവെപ്പുണ്ടായി. അതേ മാസംതന്നെ സാകേത് കോടതിയിൽ അഭിഭാഷകൻ സ്ത്രീക്കുനേരെ വെടിയുതിർത്ത സംഭവവുമുണ്ടായി. 2021 സെപ്റ്റംബറിൽ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പിൽ കുപ്രസിദ്ധ കുറ്റവാളി ജിതേന്ദർ ജോഗി വെടിയേറ്റു മരിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.