സു​പ്രീം​കോ​ട​തി

വൻകിട ഖനനം അടക്കമുള്ളവക്ക് മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്ര ഉത്തരവിന് സുപ്രീംകോടതി സ്റ്റേ

ന്യൂഡൽഹി: വൻകിട ഖനനം അടക്കമുള്ള പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്ര സർക്കാർ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. വിഷയത്തിൽ നാലാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കോടതി നോട്ടീസ് അയച്ചു.

2006ലെ എൻവയോൺമെന്‍റ് ഇംപാക്ട് അസസ്‌മെന്‍റ് (ഇ.ഐ.എ) വിജ്ഞാപനത്തിന് കീഴിലുള്ള ഖനന പദ്ധതികൾക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന 2021 ജൂലൈയിലെയും 2022 ജനുവരിയിലെയും രണ്ട് കേന്ദ്ര സർക്കാർ ഉത്തരവുകളാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. വനശക്തി എന്ന സന്നദ്ധ സംഘടന സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്‍റെ നടപടി.

പാരിസ്ഥിതിക അനുമതി നൽകുന്നതിന് സമ്മർദം ചെലുത്തുന്നതും മുൻകൂർ പാരിസ്ഥിതിക അനുമതി നൽകണമെന്ന് നിഷ്കര്‍ഷിക്കുന്നതുമായ വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. 2021 ജൂലൈയിലെ ഉത്തരവിന് വിരുദ്ധമായ പദ്ധതികൾക്ക് അനുമതി നൽകിയതായി കോടതിയിൽ വനശക്തിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ചൂണ്ടിക്കാട്ടി.

ഏതെങ്കിലും പദ്ധതികൾ ആരംഭിക്കുന്നതിന് മുമ്പ് എൻവയോൺമെന്‍റ് ഇംപാക്ട് അസസ്‌മെന്‍റ് (ഇ.ഐ.എ) മുൻകൂർ അനുമതി നിർബന്ധമാക്കുന്നുണ്ട്. ഇത് നിയമപ്രകാരം നിഷേധിക്കാൻ സാധിക്കാത്ത ആവശ്യമാണ്. സുസ്ഥിര വികസനത്തിന്‍റെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും ലക്ഷ്യങ്ങൾ സന്തുലിതമാക്കാൻ ഉതകുന്ന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിക്കണമെന്നും ഗോപാൽ ശങ്കരനാരായണൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Supreme Court stayed the order not to require prior environmental clearance for large-scale mining

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.